രാജ്യസഭ തെരഞ്ഞെടുപ്പിനുള്ള ചിത്രം തെളിഞ്ഞതോടെ സ്ഥാനാര്‍ത്ഥി ചര്‍ച്ചകളിലേക്ക് കടക്കാന്‍ മുന്നണികള്‍. നാളെ ചേരുന്ന സിപിഐഎം സംസ്ഥാന സമിതി യോഗത്തില്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച പ്രാഥമിക ചര്‍ച്ച നടക്കും.
അതേസമയം ഇടതുമുന്നണിക്ക് ഒഴിവ് വരുന്ന രണ്ട് സീറ്റില്‍ ഒന്നിന് സിപിഐ അവകാശവാദം ഉന്നയിക്കും. അടുത്ത് ചേരുന്ന എല്‍ഡിഎഫ് യോഗത്തില്‍ സിപിഐ ആവശ്യം മുന്നോട്ട് വെച്ചേക്കും. എം.വി.ശ്രേയാംസ് കുമാര്‍ ഒഴിയുന്ന സീറ്റ് എല്‍ജെഡിക്ക് നഷ്ടമാകുമെന്ന് ഇതോടെ ഏറെക്കുറേ ഉറപ്പായി.
പാര്‍ലമെന്ററി സ്ഥാനങ്ങളിലേക്ക് ഇനി ഇല്ലെന്ന് എ.കെ.ആന്റണി സോണിയാഗാന്ധിയെയും കെപിസിസി പ്രസിഡന്റിനെയും നിലപാട് അറിയിച്ച പശ്ചാത്തലത്തില്‍ യുഡിഎഫും സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനുള്ള ചര്‍ച്ചകള്‍ ആരംഭിക്കും. എ.കെ.ആന്റണിക്ക് പകരം ആരെ രാജ്യസഭയിലേക്ക് എത്തിക്കണം എന്നത് സംബന്ധിച്ച് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ തീരുമാനവും നിര്‍ണായകമാകും.
മാര്‍ച്ച് 31നാണ് കേരളത്തിലെ മൂന്ന് സീറ്റ് ഉള്‍പ്പടെ പതിമൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുക.