ഇന്നത്തേത് ഏറ്റവും ബുദ്ധിമുട്ടുള്ള ദിവസം, എല്ലാവര്‍ക്കും നന്ദി

”ഇന്നത്തേത് ഏറ്റവും ബുദ്ധിമുട്ടുള്ള ദിവസം, എല്ലാവര്‍ക്കും നന്ദി”. ഇന്ത്യന്‍ ആഭ്യന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചുകൊണ്ട് എസ്. ശ്രീശാന്ത് വൈകാരികമായി ട്വിറ്ററില്‍ കുറിച്ച വാക്കുകളാണിത്. 2013ലെ ഐപിഎല്‍ ഒത്തുകളി വിവാദമാണ് മികച്ച രീതിയില്‍ മുന്നോട്ട് പൊയ്‌ക്കൊണ്ടിരുന്ന ശ്രീശാന്തിന്റെ കരിയര്‍ മാറ്റി മറിച്ചത്.

” 25 വര്‍ഷത്തെ ക്രിക്കറ്റ് ജീവിതം മഹത്തരമായിരുന്നു. ഒരു കളിക്കാരനെന്ന നിലയിലുള്ള 25 വര്‍ഷത്തെ കരിയറില്‍, ഞാന്‍ എല്ലായ്‌പ്പോഴും വിജയം പിന്തുടര്‍ന്നിരുന്നു. ഇന്ന് എനിക്ക് ബുദ്ധിമുട്ടുള്ള ദിവസമാണ്, പക്ഷേ ഇത് നന്ദി പറയാനുള്ള സമയമാണ്. എറണാകുളം ജില്ലാ ടീം, ജില്ലയിലെ വ്യത്യസ്ത ലീഗുകള്‍, ടൂര്‍ണമെന്റ് ടീമുകള്‍, കേരള സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന്‍, ബിസിസിഐ, കൗണ്ടി ക്രിക്കറ്റ് ടീം, ഇന്ത്യന്‍ എയര്‍ലൈന്‍സ് ക്രിക്കറ്റ് ടീം, ബിപിസിഎല്‍, ഐസിസി തുടങ്ങി എല്ലാവര്‍ക്കും നന്ദി പറയുന്നു.

അടുത്ത തലമുറയിലെ ക്രിക്കറ്റ് താരങ്ങള്‍ക്കായി എന്റെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കരിയര്‍ അവസാനിപ്പിക്കുകയാണ്. ഈ തീരുമാനം എന്റേത് മാത്രമാണ്, ഇത് എനിക്ക് സന്തോഷം നല്‍കില്ലെന്ന് അറിയാമെങ്കിലും, എന്റെ ജീവിതത്തില്‍ ഈ സമയത്ത് സ്വീകരിക്കേണ്ട ശരിയായതും മാന്യവുമായ നടപടിയാണിത്”. ശ്രീശാന്ത് വ്യക്തമാക്കി.

വലംകൈയ്യന്‍ ഫാസ്റ്റ് ബൗളറായ ശ്രീശാന്ത് 2007ലെ ടി20 ലോകകപ്പ് ഇന്ത്യ നേടുന്നതില്‍ പ്രധാന പങ്കാണ് വഹിച്ചത്. നീണ്ട ഏഴ് വര്‍ഷത്തെ വിലക്കിന് ശേഷം ഈ സീസണില്‍ കേരളത്തിനായി രഞ്ജി ട്രോഫി കളിച്ചിരുന്നു. 2002-2003 സീസണില്‍ ഗോവക്കെതിരായ മത്സരത്തിലൂടെയാണ് ശീശാന്ത് രഞ്ജി ട്രോഫിയില്‍ അരങ്ങേറ്റം കുറിച്ചത്. ഏഴു മത്സരങ്ങളില്‍ നിന്നായി 22 വിക്കറ്റുകള്‍ നേടി ശ്രദ്ധ പിടിച്ചുപറ്റിയതോടെ അതേ സീസണില്‍ ദുലീപ് ട്രോഫിക്കുള്ള ദക്ഷിണ മേഖലാ ടീമിലും ഇടം ലഭിച്ചു.

2004 നവംബറില്‍ ഹിമാചല്‍ പ്രദേശിന് എതിരായ മത്സരത്തില്‍ രഞ്ജി ട്രോഫിയില്‍ ഹാട്രിക് നേടുന്ന ആദ്യ മലയാളി താരമെന്ന റോക്കോര്‍ഡ് സ്വന്തമാക്കി. 2005 ഒക്ടോബറില്‍ ചലഞ്ചര്‍ ട്രോഫിക്കുള്ള ഇന്ത്യ ബി ടീമില്‍ ഇടം നേടി. ചലഞ്ചര്‍ ട്രോഫിയില്‍ ഏഴു വിക്കറ്റുകള്‍ വീഴ്ത്തി തിളങ്ങിയതോടെയാണ് ഇന്ത്യന്‍ ടീമിലേക്ക് വഴി തെളിഞ്ഞത്. 2005 ഒക്ടോബര്‍ 25ന് ഇന്ത്യന്‍ ടീമിലെത്തി. കന്നി മത്സരത്തില്‍ ശ്രീലങ്കക്കെതിരെ രണ്ടു വിക്കറ്റാണ് ശ്രീ നേടിയത്.

spot_img

Related Articles

Latest news