രാജ്യങ്ങള്‍ തമ്മിലുള്ള വാണിജ്യ, വ്യാവസായിക ബന്ധങ്ങള്‍ ശക്തിപ്പെടുത്താന്‍ പാക്കിസ്താനും അഫ്ഗാനിസ്ഥാനും. ചരക്ക് ട്രക്കുകള്‍ക്ക് രാജ്യങ്ങളില്‍ സ്വതന്ത്രമായി സഞ്ചരിക്കാനുള്ള കരാറില്‍ ഇരുരാജ്യങ്ങളും ഒപ്പുവച്ചു. കരാര്‍ പ്രകാരം മാര്‍ച്ച് 21 മുതല്‍ താല്‍ക്കാലിക ലൈസന്‍സ് ലഭിച്ച ശേഷം ഇരു രാജ്യങ്ങളിലെയും ട്രക്കുകള്‍ക്ക് സ്വതന്ത്രമായി യാത്ര ചെയ്യാമെന്ന് പ്രധാനമന്ത്രിയുടെ വാണിജ്യ, നിക്ഷേപ ഉപദേഷ്ടാവ് ട്വിറ്ററില്‍ കുറിച്ചു.
വാണിജ്യ ബന്ധങ്ങള്‍ സുതാര്യവും സുഗമവും ആക്കുക എന്ന ഉദ്ദേശത്തോടെയാണ് രാജ്യങ്ങള്‍ തമ്മില്‍ ഇങ്ങനൊരു കരാറില്‍ ഏര്‍പ്പെടുന്നതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി. ‘ഇത് ഒരു ചരിത്രപരമായ സംഭവ വികാസമാണെന്നും മധ്യേഷ്യയിലെ മറ്റ് രാജ്യങ്ങളുമായുള്ള ബന്ധങ്ങളുടെ തുടക്കം മാത്രമാണെന്നും പാകിസ്താന്‍ പ്രതികരിച്ചു.
അഫ്ഗാന്‍ ട്രാന്‍സ്‌പോര്‍ട്ടര്‍മാര്‍ക്ക് കാബൂളിലെ പാകിസ്താന്‍ എംബസി, കോണ്‍സുലേറ്റ് എന്നിവിടങ്ങളില്‍ നിന്നും പാകിസ്താനില്‍ നിന്നുള്ള ട്രാന്‍സ്‌പോര്‍ട്ടര്‍മാര്‍ക്ക് പെഷവാറിലെയും ക്വറ്റയിലെയും കോണ്‍സുലേറ്റുകളില്‍ നിന്നും താല്‍ക്കാലിക പ്രവേശന രേഖകള്‍ (ടിഎഡി) നേടാമെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്.
അതേസമയം അഫ്ഗാന്‍ വിദേശകാര്യ മന്ത്രി അമീര്‍ ഖാം മൊട്ടാക്കി കാബൂളില്‍ ചൈനീസ് അംബാസഡര്‍ വാങ് യുയുമായി കൂടിക്കാഴ്ച നടത്തി. അഫ്ഗാനിസ്ഥാന്റെ രാഷ്ട്രീയ, സാമൂഹിക സാമ്പത്തിക സാഹചര്യങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്.