ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ സി എഫ്) റിയാദ് സെൻട്രൽ കമ്മിറ്റിയുടെ കീഴിൽ കോഴിക്കോട് മർകസ് നോളജ് സിറ്റിയിൽ റിയാദോർമ സംഘടിപ്പിച്ചു. റിയാദിൽ നിന്ന് പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ കൂടിയ ഐ സി എഫ് പ്രവർത്തകർക്കായി, ‘പ്രവാസത്തിന്റെ സ്നേഹ സന്തോഷങ്ങൾ’ എന്ന സന്ദേശത്തിൽ സംഘടിപ്പിച്ച റിയാദോർമയിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ പങ്കെടുത്തു. മൂന്നര പതിറ്റാണ്ടിലധികം പഴക്കം വന്ന സംഘടനാ സംവിധാനത്തിലും അതിനു മുമ്പും ആദർശ പ്രചാരണത്തിന് മുന്നിട്ട് നിന്നവരുടെ നേരനുഭവങ്ങൾ പങ്കിട്ട സദസ്സ്, വേറിട്ട അനുഭൂതിയായെന്ന് പങ്കെടുത്തവർ ഒന്നടക്കം അഭിപ്രയപെട്ടു.
സയ്യിദ് ഇബ്രാഹീം ബാഫഖി തങ്ങൾ പ്രാർത്ഥന നിർവഹിച്ചു തുടങ്ങിയ ചടങ്ങ് ഐ സി എഫ് സൗദി നാഷണൽ പ്രസിഡണ്ട് സയ്യിദ് ഹബീബ് കോയ തങ്ങൾ ഉൽഘാടനം ചെയ്തു. റിയാദ് സെൻട്രൽ പ്രസിഡന്റ് യൂസഫ് സഖാഫി അധ്യക്ഷത വഹിച്ചു. മർകസ് നോളജ് സിറ്റിയിലെ വേൾഡ് ഇൻസ്റ്റിറ്റിട്യൂട്ട് ഫോർ റിസർച് ഇൻ അഡ്വാൻസ്ഡ് സയൻസ് (വിറാസ്) അക്കാദമിക് ഡയറക്ടർ ഡോ. ഉമറുൽ ഫാറൂഖ് സഖാഫി ഉത്ബോധനം നടത്തി. മരണമടഞ്ഞ മുൻകാല പ്രവർത്തകരെ അനുസ്മരിക്കുന്ന ‘നമ്മോട് വിട പറഞ്ഞവർ’ എന്ന സെഷന് മുൻ ദാഇ അബ്ദുൽ റഊഫ് സഖാഫി സി കെ നഗർ നേതൃത്വം നൽകി.
റിയാദിലെ വർത്തമാന കാല ചലനങ്ങളെ കുറിച്ചുള്ള പവർ പോയന്റ് പ്രസന്റേഷൻ, സെൻട്രൽ ദഅവ പ്രസിഡന്റ് ഒളമതിൽ മുഹമ്മദ് കുട്ടി സഖാഫി നടത്തി. ഐ സി എഫ് സൗദി ദേശീയ സമിതി സംഘടിപ്പിച്ച ഖുർആൻ ലൈവ് ക്വിസ് നാഷണൽ തല വിജയി അബ്ദുറഹ്മാൻ കബ്ലക്കാടിനുള്ള മൊമന്റോ സയ്യിദ് ഹബീബ് കോയ തങ്ങൾ കൈമാറി.
റിയാദിൽ സംഘടനാ രുപീകരണ പശ്ചാത്തലവും അക്കാലത്തെ പ്രതിസന്ധികളും വിവരിച്ചു ‘പഴയ കാല ഓർമ്മകൾ’ എന്ന സെഷന് സയ്യിദ് ടി എസ് എ തങ്ങൾ തുടക്കമിട്ടു. അസീസ് മുസ്ലിയാർ ആലപ്പുഴ, എ കെ സി മുഹമ്മദ് ഫൈസി, നാസർ സഖാഫി കരീറ്റിപ്പറമ്പ്, കോയ ഹാജി കോടമ്പുഴ, പി സി മുഹമ്മദലി മുസ്ലിയാർ, നാസർ സഖാഫി വയനാട്, മുഹമ്മദലി ബാഖവി, കുഞ്ഞബ്ദുള്ള പേരാമ്പ്ര, ബഷീർ ബാഖവി എന്നിവർ അനുഭവങ്ങൾ പങ്കിട്ടു.
അബൂബക്കർ അൻവരി (ഫിനാൻസ് സെക്രട്ടറി, ഐ സി എഫ് സൗദി നാഷണൽ ), ഉമ്മർ പന്നിയൂർ (സെക്രട്ടറി, ഐ സി എഫ് സെൻട്രൽ പ്രൊവിൻസ്) ഡോ. അബ്ദുൽ സലാം മുഹമ്മദ് (സി ഇ ഒ, മർകസ് നോളഡ്ജ് സിറ്റി) എന്നിവർ ആശംസകൾ നേർന്നു.
പ്രവാസി പുനരധിവാസത്തിന്റെ ഭാഗമായി ഐ സി എഫ് റിയാദ് സെൻട്രൽ നടപ്പാക്കുന്ന ജീവിതോപാധി പദ്ധതി പ്രഖ്യപനവും വിതരണവും മുൻ പ്രവാസി ഹംസ തെന്നലക്ക് നൽകി കൊണ്ട് സയ്യിദ് ഇബ്രാഹീം ബാഫഖി തങ്ങൾ നിർവഹിച്ചു.
ഷാഫി തെന്നല സ്വാഗതവും കാസിം പേരാമ്പ്ര നന്ദിയും രേഖപ്പെടുത്തി.