ആറ്റിങ്ങൽ: തിരുവനന്തപുരത്ത് വീണ്ടും പൊലീസ് മുന്നാംമുറയെന്ന് ആരോപണം . ആറ്റിങ്ങൽ എസ് ഐ രാഹുലിന് എതിരെയാണ് പരാതി.ബാറിൽ മദ്യപിച്ച് സംഘർഷമുണ്ടാക്കിയതിന് കസ്റ്റഡിയിലെടുത്ത അരുൺരാജ് എന്ന യുവാവിനെ എസ് ഐ ക്രൂരമായി മർദിച്ചുവെന്നാണ് പരാതി.
ഇന്നലെയാണ് ആറ്റിങ്ങലിലെ ബാറിനുള്ളിൽ രണ്ട് മദ്യപസംഘങ്ങൾ ഏറ്റുമുട്ടിയത്. ഇതിൽ അരുൺരാജ് അടക്കം മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചിരുന്നു.
വൈദ്യപരിശോധനയ്ക്ക് ശേഷം സ്റ്റേഷനിൽ വച്ച് എസ്ഐ മർദ്ദിച്ചെന്നാണ് അരുൺരാജിന്റെ പരാതി. അരുൺരാജിന്റെ ശരീരത്തിൽ മർദനമേറ്റ പാടുകളുമുണ്ട്. എന്നാൽ മർദിച്ചിട്ടില്ലെന്നും ബാറിലെ സംഘർഷത്തിലുണ്ടായ പാടുകൾ ആകാമെന്ന് പൊലീസ് വിശദീകരിച്ചു.
സംഭവത്തിൽ അന്വേഷണം തുടങ്ങിയെന്ന് ആറ്റിങ്ങൽ ഡി വൈ എസ് പി പറഞ്ഞു. അതിനിടെ, തിരുവല്ലം കസ്റ്റഡി മരണത്തിലെ അന്വേഷണം സർക്കാർ സിബിഐയ്ക്ക് വിട്ടു. അന്വേഷണം കേന്ദ്ര ഏജൻസിക്ക് കൈമാറിക്കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവിട്ടു.
ദമ്പതികളെ സദാചാര പൊലീസ് ചമഞ്ഞ് ആക്രമിച്ച കേസിൽ അറസ്റ്റിലായ സുരേഷാണ് കസ്റ്റഡിയിൽ കൊല്ലപ്പെട്ടത്. മരണകാരണം ഹൃദയാഘാതമാണെങ്കിലും സുരേഷിന്റെ ശരീരത്തിലേറ്റ ചതവുകള്‍ ഹൃദയാഘാതത്തിന് കാരണമായേക്കാം എന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.