ബെംഗളുരു: കർണാടകത്തിലെ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ ഹിജാബ് നിരോധനമാകാം. ഹിജാബ് മതാചാരങ്ങളിൽ നിർബന്ധമായ ഒന്നല്ലെന്നും കർണാടക ഹൈക്കോടതി ഉത്തരവിൽ നിരീക്ഷിക്കുന്നു. ഇസ്ലാം മതത്തിൽ അവിഭാജ്യഘടകമല്ല ഹിജാബ് എന്നും ഹൈക്കോടതി ഉത്തരവിൽ പറയുന്നു.
ഹിജാബ് മൗലികാവാകാശങ്ങളുടെ ഭാഗമാണെന്ന് ചൂണ്ടികാട്ടി കര്‍ണാടകയിലെ ഒരു സംഘം വിദ്യാര്‍ത്ഥിനികളാണ് ഹര്‍ജി നല്‍കിയിരുന്നത്. വിവിധ സംഘടനകളും കേസില്‍ കക്ഷി ചേര്‍ന്നിരുന്നു. ഹിജാബ് മതാചാരങ്ങളുടെയും മൗലികാവകാശങ്ങളുടെയും ഭാഗമല്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. ഹിജാബ് മതാചാരത്തിന്റെ ഭാഗമെന്ന് തെളിയിക്കാൻ നിലവിൽ വസ്തുതകളില്ലെന്ന് സർക്കാർ ചൂണ്ടികാട്ടിയിരുന്നു. ഭരണഘടനയുടെ 25-ാം അനുച്ഛേദം ഹിജാബിന്റെ കാര്യത്തിൽ ബാധകമല്ലെന്നാണ് സര്‍ക്കാര്‍ വാദം. പതിനൊന്ന് ദിവസം കേസില്‍ വാദം കേട്ടിരുന്നു.
അതേസമയം ഹിജാബ് ഉത്തരവ് വരുന്ന പശ്ചാത്തലത്തില്‍ കര്‍ണാടകയില്‍ വിവിധയിടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ബെംഗ്ലൂരു, കലബുര്‍ഗി, ഹാസ്സന്‍, ദാവന്‍കരെ എന്നിവടങ്ങളിലാണ് നിരോധനാജ്ഞ. ഉഡുപ്പിയും ദക്ഷിണകന്നഡിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി നല്‍കിയിരിക്കുകയാണ്. വിധിക്ക് മുമ്പ് കർണാടക ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര മുഖ്യമന്ത്രി ബസവരാജ ബൊമ്മയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
നാല് മാസത്തിലേറെ നീണ്ട പ്രതിഷേധങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കുമൊടുവിലാണ് ഹിജാബ് കേസില്‍ കര്‍ണാടക ഹൈക്കോടതി ഇന്ന് വിധി പറയുന്നത്. ഉഡുപ്പിയിലെ സര്‍ക്കാര്‍ കോളേജില്‍ തുടങ്ങിയ എതിര്‍പ്പാണ് രാജ്യവ്യാപക പ്രതിഷേധങ്ങള്‍ക്ക് വഴിമാറിയത്. ഹിജാബ് അനുവദിക്കാത്തതിന്‍റെ പേരില്‍ ഇരുന്നൂറ്റിയമ്പതോളം വിദ്യാര്‍ത്ഥിനികളാണ് ഇതുവരെ പരീക്ഷ ബിഹിഷ്കരിച്ചത്. ഒരു കാരണവശാലും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മതാചാര വസ്ത്രങ്ങള്‍ അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ് സര്‍ക്കാര്‍. കർണാടക ഹൈക്കോടതി ഉത്തരവ് കൂടി വന്നതോടെ സർക്കാരിന് ഉറച്ച നിലപാട് തുടരാം.
ഉഡുപ്പി പിയു കോളേജില്‍ ഹിജാബ് ധരിച്ചെത്തിയ ആറ് വിദ്യാര്‍ത്ഥിനികളെ തടഞ്ഞതോടെയാണ് വിവാദങ്ങളുടെ തുടക്കം. കാലങ്ങളായി ഹിജാബും ബുര്‍ഖയും മാറ്റിയ ശേഷമേ വിദ്യാര്‍ത്ഥിനികളെ അനുവദിച്ചിരുന്നുള്ളൂവെന്ന് കോളേജ് അധികൃതര്‍ നിലപാട് സ്വീകരിച്ചതോടെ പ്രതിഷേധം കടുത്തു. വിദ്യാര്‍ത്ഥിനികള്‍ക്ക് പിന്തുണയുമായി കൂടുതല്‍ സംഘടനകള്‍ രംഗത്തെത്തി. പിന്നാലെ മംഗ്ലൂരുവിലും മാണ്ഡ്യയിലും സര്‍ക്കാര്‍ കോളേജുകളില്‍ ഹിജാബ് ധരിച്ചെത്തിയവരെ തടഞ്ഞു. കാവി ഷാള്‍ ധരിച്ച് മറ്റൊരു വിഭാഗം വിദ്യാര്‍ത്ഥികളും കോളേജുകളിലേക്ക് എത്തിയതോടെ പ്രതിഷേധം സംഘര്‍ഷങ്ങള്‍ക്ക് വഴിമാറി. പ്രതിഷേധം തെരുവുകളിലേക്ക് വ്യാപിച്ചു.
പ്രതിഷേധം കനത്തതോടെ വിദ്യാഭ്യാസ വിദഗ്ധര്‍ ഉള്‍പ്പെട്ട പ്രത്യേക സമിതിക്ക് സര്‍ക്കാര്‍ രൂപം നല്‍കി. എന്നാല്‍ ഹിജാബ് അനുവദിക്കേണ്ടതില്ല എന്നായിരുന്നു സമിതി ശുപാര്‍ശ. പിന്നാലെ ഫെബ്രുവരി 5-ന് മതാചാര വസ്ത്രങ്ങള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിരോധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. ഇത് ചോദ്യം ചെയ്ത് ഉഡുപ്പിയിലെ ആറ് വിദ്യാര്‍ത്ഥിനികളാണ് ഹൈക്കോടതിയെ സമീപിച്ചത്. വിവിധ സംഘടനകളും കേസില്‍ കക്ഷി ചേര്‍ന്നു.
ഹിജാബ് മാതാചാരത്തിന്‍റെ മൗലികാവകാശങ്ങളുടെയും ഭാഗമെന്നാണ് ഹര്‍ജിക്കാരുടെ വാദം. ഭരണഘടന ഉറപ്പ് നല്‍കുന്ന 14, 19, 25 അനുച്ഛേദത്തിന്‍റെ ലംഘനമാണ് ഹിജാബ് നിരോധനം എന്നും വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഹിജാബ് മതാചാരത്തിന്റെ ഭാഗമെന്ന് തെളിയിക്കാൻ നിലവിൽ വസ്തുതകളില്ലെന്നും ഭരണഘടനയുടെ 25-ാം അനുച്ഛേദം ഹിജാബിന്റെ കാര്യത്തിൽ ബാധകമല്ലെന്നുമാണ് സര്‍ക്കാര്‍ നിലപാട്. കേസില്‍ ഇടനിലക്കാരനെ പോലെ ഇടപെടാനാകില്ലെന്നും ഭരണഘടനാപരമായ വിഷയങ്ങളാണ് പരിഗണിക്കുന്നതെന്നും കോടതി വ്യക്തമാക്കിയിരുന്നു.
അന്തിമ ഉത്തരവ് വരുന്നത് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മതാചാര വസ്ത്രങ്ങൾ നിരോധിച്ചുള്ള നടപടി തുടരണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു. വിവിധയിടങ്ങളില്‍ വിദ്യാര്‍ത്ഥിനികളുടെ പ്രതിഷേധം ഇപ്പോഴും തുടരുകയാണ്.