സൗദിയിലെ വിവിധ കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഹൂതി വിമതർ ഭീകരാക്രമണം നടത്തി. ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ക്രൂയിസ് മിസൈലുകളും ഉപയോഗിച്ചു സൗദിയിലെ വിവിധ നഗരങ്ങളെ ലക്ഷ്യമാക്കിയായിരുന്നു ഹൂതി ആക്രമണം.
സൗദിയുടെ ദക്ഷിണ-പടിഞ്ഞാറൻ കേന്ദ്രങ്ങളിലേക്കാണ് ആക്രമണം ഹൂതികൾ നടത്തിയത്.
ദഹ്റാൻ അൽ-ജനൂബ് പവർ സ്റ്റേഷൻ ലക്ഷ്യമിട്ട് ഭീകരാക്രമണം നടത്തിയതായി സഖ്യ സേന ചൂണ്ടിക്കാട്ടി. ജിസാനിലെ ശുഖൈഖ് ജല ശുദ്ധീകരണ പ്ലാന്റും അരാംകോ റിഫൈനറിയും ലക്ഷ്യമിട്ടും ആക്രമണങ്ങൾ നടന്നു.
ഖമീസ് മുശൈത്ത്, യാമ്പു എന്നിവടങ്ങളിലും ഹൂത്തികൾ ആക്രമണം നടത്തി. ഖമീസ് മുഷൈത്തിലെ ഗ്യാസ് സ്റ്റേഷൻ തകർക്കാനും ശ്രമം നടന്നു. ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് നടത്തിയ ആക്രമണങ്ങളെ സഖ്യസൈന്യം പ്രതിരോധിച്ചതായി അധികൃതർ അറിയിച്ചു.
മാർച്ച് 10 ന് ഹൂതി സേന റിയാദിലെ എണ്ണ ശുദ്ധീകരണ ശാലയുലേക്ക് നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് ഇപ്പോഴത്തെ ആക്രമണം. യമൻ യുദ്ധത്തിൽ പ്രശ്നപരിഹാരത്തിനായി ജിസിസി വിളിച്ചു ചേർത്ത യോഗത്തിൽ പങ്കെടുക്കാൻ താൽപര്യമില്ലെന്ന് ഹൂതി വിമതർ വ്യക്തമാക്കിയിരുന്നു. ചർച്ചയിൽ വിട്ടുനിൽക്കുമെന്ന് ഹൂതി വിമതർ അറിയിച്ചു. ഈ മാസം 29ന് റിയാദില്‍ വച്ച് ചര്‍ച്ച നടത്താനായിരുന്നു ജിസിസിയുടെ തീരുമാനം.