കോഴിക്കോട് : ഞായറാഴ്ച റേഷൻ കടകൾ തുറക്കണമെന്ന ഉത്തരവിനെതിരേ വ്യാപാരികൾ രംഗത്ത്. 28, 29 തീയതികളിൽ പൊതുപണിമുടക്കായതിനാൽ ജനങ്ങൾക്ക് റേഷൻ സാധനങ്ങൾ വാങ്ങാൻ സൗകര്യമുണ്ടാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഞായറാഴ്ച പ്രവൃത്തിദിനമാക്കിയത്.
എന്നാൽ, പൊതുപണിമുടക്കിൽ റേഷൻ വ്യാപാരികൾ പങ്കെടുക്കുന്നില്ലെന്നും തങ്ങളുടെ ഒരു പ്രശ്നവും ഈ പണിമുടക്കിൽ ഉന്നയിക്കപ്പെടുന്നില്ലെന്നും ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ ചൂണ്ടിക്കാട്ടുന്നു.
പണിമുടക്കുദിവസങ്ങളിൽ കടകൾ തുറക്കുന്ന വ്യാപാരികൾക്ക് സംരക്ഷണം നൽകുകയാണ് സർക്കാർ ചെയ്യേണ്ടതെന്നും അസോസിയേഷൻ ഭാരവാഹികൾ അഭിപ്രായപ്പെട്ടു. എ.ഐ.ടി.യു.സി.യുടെ പോഷക സംഘടനയായ കെ.ആർ.ഇ.എഫ്. യൂണിയൻ പണിമുടക്കിന് അനുകൂലമായി നോട്ടീസ് നൽകിയതിനാലാണ് സമരത്തിന് അനുകൂലമായ നിലപാട് ഭക്ഷ്യമന്ത്രി സ്വീകരിച്ചത്. പൊതുപണിമുടക്ക് വിജയിപ്പിക്കാനുള്ള ഉത്തരവാണിതെന്നും അവർ കുറ്റപ്പെടുത്തി.
ഞായറാഴ്ച അവധി ഏകപക്ഷീയമായി റദ്ദാക്കുകയും കടകൾ പ്രവർത്തിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തത് അംഗീകരിക്കാനാവില്ല. ക്രൈസ്തവ, മുസ്‌ലിം വിഭാഗങ്ങളിൽപ്പെട്ടവർക്ക് ഞായറാഴ്ച പ്രത്യേക ചടങ്ങുകളുള്ള സാഹചര്യവും പരിഗണിക്കണം. അതിനാൽ 27-ന് കട തുറക്കണമെന്ന ഉത്തരവ് പിൻവലിക്കണമെന്ന് സംസ്ഥാന പ്രസിഡന്റ് ജോണി നെല്ലൂരും ജനറൽ സെക്രട്ടറി ടി. മുഹമ്മദാലിയും ആവശ്യപ്പെട്ടു