പശ്ചിമ ബംഗാളിൽ 10 പേരെ തീവെച്ചു കൊലപ്പെടുത്തിയ രാംപൂർഹാട്ടിൽ സി.ബി.ഐ സംഘം പ്രാഥമിക പരിശോധന നടത്തി. കൊൽക്കട്ട ഹൈക്കോടതി കേസ് സംസ്ഥാന പൊലീസിലെ പ്രത്യേക അന്വേഷണ സംഘത്തിൽ നിന്നും സി.ബി.ഐയെ ഏൽപ്പിച്ചതിന് തൊട്ടു പിന്നാലെയാണ് സി.ബി.ഐ ഫോറൻസിക് സംഘം സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തിയത്.
കേസ് സി.ബി.ഐയെ ഏൽപ്പിച്ച ഹൈക്കോടി ഉത്തരവ് സി.പി.എമ്മും ബി.ജെ.പിയും സ്വാഗതം ചെയ്തിട്ടുണ്ട്. അന്വേഷണത്തോട് പൂർണമായും സഹകരിക്കുമെന്ന് തൃണമൂൽ കോൺഗ്രസും വ്യക്തമാക്കി.
രാംപൂർഹാട്ടിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള പത്ത് പേരെയാണ് തീവെച്ചുകൊലപ്പെടുത്തിയത്. പൊലീസിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കേന്ദ്ര ഏജൻസി എഫ്‌ഐആർ ഫയൽ ചെയ്തിട്ടുണ്ടെന്ന് സിബിഐ വൃത്തങ്ങൾ അറിയിച്ചു.
സെൻട്രൽ ഫോറൻസിക് ലബോറട്ടറി (സിഎഫ്എൽ) വിദഗ്ധരുടെ മറ്റൊരു സിബിഐ സംഘമാണ് കുറ്റകൃത്യം നടന്ന സ്ഥലത്ത് പരിശോധനയ്ക്കായി എത്തിയത്. കൊല്ലപ്പെട്ടവരിൽ ഒരാളായ സോന ഷെയ്ഖിന്റെ കത്തി നശിച്ച വീട് എട്ട് ഫോറൻസിക് വിദഗ്ധർ സന്ദർശിച്ചു. ക്രൂരമായ ആക്രമണമാണ് നടന്നതെന്നും ചിലരെ വീടുകളിൽ പൂട്ടിയിട്ട് കത്തിക്കുകയാണ് ചെയ്തതെന്നും ഗ്രാമവാസികൾ ആരോപിച്ചു.
മരിച്ചവരുടെ ശ്വാസകോശത്തിലെ കാർബണിന്റെ അളവ് പരിശോധിച്ചാൽ അവരെ ജീവനോടെ കത്തിച്ചതാണോയെന്ന് വ്യക്തമാകുമെന്ന് സംസ്ഥാന ഫോറൻസിക് വിദഗ്ധർ വ്യക്തമാക്കി. ഫോറൻസിക് വിദഗ്ധരുടെ പ്രാഥമിക റിപ്പോർട്ടിൽ മൃതദേഹത്തിൽ നിരവധി മുറിവുകളുണ്ടെന്ന് സൂചിപ്പിച്ചിരുന്നു.
പശ്ചിമ ബംഗാളിലെ ബിര്‍ഭും ജില്ലയിലെ അഗ്നിക്കിരയാക്കിയ വീടുകളില്‍ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിൽ ഇവരെ ജീവനോടെ തീവെച്ച് കൊന്നതാണെന്നാണ് വ്യക്തമാക്കിയിരുന്നു. കൂട്ടക്കൊലയ്ക്ക് മുമ്പ് ഇരകളെ ക്രൂരമായി മര്‍ദിച്ചതായും കണ്ടെത്തിയിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ 20 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. തിങ്കളാഴ്ച വൈകുന്നേരം പ്രാദേശിക തൃണമൂല്‍ നേതാവ് കൊല്ലപ്പെട്ടതാണ് അക്രമത്തിന് കാരണമായതെന്ന് സംശയിക്കുന്നു.