ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി തുടരുന്നു. വിലയക്കയറ്റം നിയന്ത്രിക്കുന്നതിന് സര്‍ക്കാര്‍ വിൡച്ച് ചേര്‍ത്ത യോഗത്തില്‍ കാര്യമായ നിര്‍ദേശങ്ങളൊന്നും ഉയര്‍ന്നുവന്നില്ല. പെട്രോളിന്റെയും ഡീസലിന്റെയും വില ലിറ്ററിന് 250 രൂപ കടന്നിരിക്കുകയാണ്. ഭക്ഷണസാധനങ്ങളുടെ വിലയും രാജ്യത്ത് അനിയന്ത്രിതമായി തുടരുകയാണ്.
സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള ചര്‍ച്ചകള്‍ ശ്രീലങ്കയില്‍ സജീവമായി നടക്കുന്നുണ്ടെങ്കിലും വേണ്ട പരിഹാരങ്ങള്‍ ഇതുവരെ സര്‍ക്കാരിന് മുന്നിലെത്തിയിട്ടില്ല. ശ്രീലങ്കയെ കയ്യയച്ച് സഹായിക്കാനായി മറ്റ് രാജ്യങ്ങളും രംഗത്തെത്തിയിട്ടില്ല. ഇന്ത്യയെയും ചൈനയയെയുമാണ് ശ്രീലങ്ക പ്രതിസന്ധിക്കിടെ പ്രതീക്ഷയോടെ നോക്കുന്നത്.
ബിംസ്‌റ്റെക് രാജ്യങ്ങളുടെ യോഗത്തിനായി ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ നാളെ ശ്രീലങ്കയിലെത്തും. ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനായി ഇന്ത്യയുടെ സഹായം തേടാനാണ് ശ്രീലങ്കയുടെ ശ്രമം.
സ്വാതന്ത്ര്യം നേടിയതിന് ശേഷമുള്ള ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയാണ് ശ്രീലങ്ക അഭിമുഖീകരിക്കുന്നത്. നിരവധി പേരാണ് രാജ്യത്ത് നിന്ന് പലായനം ചെയ്യാന്‍ ശ്രമിക്കുന്നത്. 2020 മാര്‍ച്ചില്‍ തുടങ്ങിയ പ്രതിസന്ധി 2021 നവംബറോടെ രൂക്ഷമായി.
വിദേശനാണ്യ ശേഖരത്തിന്റെ കുറവാണ് ലങ്കയെ വലയ്ക്കുന്നത്. ഭക്ഷ്യോത്പന്നങ്ങള്‍, ഇന്ധനം, മരുന്ന് തുടങ്ങി അടിസ്ഥാന കാര്യങ്ങളടക്കം ഒന്നിനും പണമില്ലാത്ത അവസ്ഥയാണ് രാജ്യത്തുള്ളത്.