കൂത്തുപറമ്പ് : ഭാവി തലമുറയ്‌ക്കു വേണ്ടിയുള്ള കെ – റെയിൽ പദ്ധതി അട്ടിമറിക്കാൻ ശ്രമിക്കുന്നത് രാഷ്‌ട്രീയ ഉദ്ദേശ്യത്തോടെയാണെന്ന് നോവലിസ്‌റ്റ് എം മുകുന്ദൻ. പുരോഗമനാത്മകമായ ആശയങ്ങളെ അട്ടിമറിക്കുന്നവർ ഭാവിതലമുറയോടാണ് തെറ്റുചെയ്യുന്നത്.
സമൂഹത്തെ മുന്നോട്ടു നയിക്കാനുള്ള എല്ലാ ആശയത്തെയും പിന്തുണയ്‌ക്കണം. സിപിഐ എം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി കൂത്തുപറമ്പ് ടൗൺ സ്‌ക്വയറിൽ ചേർന്ന സാംസ്‌കാരിക സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
മുപ്പത് വർഷം മുമ്പ് ഫ്രാൻസിൽ പോയപ്പോൾ, ഫ്രാൻസിന്റെ ഒരറ്റത്തു നിന്ന് മറ്റേയറ്റത്തേക്ക് ബുള്ളറ്റ് ട്രെയിനിൽ മിന്നൽ വേഗത്തിലാണ് പോയത്. പശുക്കൾ മേയുന്ന നാട്ടിൻപുറത്തു കൂടിയാണ് ട്രെയിൻ ഓടിയത്. അവിടെ പരിസ്ഥിതിക്ക് ഒന്നും സംഭവിച്ചില്ല. പാശ്‌ചാത്യനാടുകളിൽ ജനങ്ങൾ കുറവാണെന്ന് പറയുന്നവർ ജനസാന്ദ്രതയുള്ള ചൈനയിലൂടെ അതിവേഗത്തിൽ ട്രെയിൻ കുതിക്കുന്നത് കാണണം.
ഡൽഹി–അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിക്കായി 320 കിലോ മീറ്റർ വേഗത്തിലോടുന്ന പാതയാണ് നിർമിക്കുന്നത്. അവിടെ സാമൂഹ്യാഘാതത്തിന്റെയും പരിസ്ഥിതിയുടെയും പേരിൽ ആരും പദ്ധതിയെ എതിർക്കുന്നില്ല. വികസനമെന്നത് നെഗറ്റീവായ ആശയമല്ല.
സംസ്ഥാനം കണ്ട ഏറ്റവും വലിയ പദ്ധതിയാണ് കെ – റെയിൽ. അത് സാക്ഷാത്‌കരിക്കാൻ എല്ലാവരും ഒത്തുചേർന്ന് പ്രയത്‌നിക്കണമെന്നും എം മുകുന്ദൻ പറഞ്ഞു.
Mediawings: