സാമ്പത്തിക പ്രതിസന്ധി അനുദിനം രൂക്ഷമാകുന്ന ശ്രീലങ്കയിലെ തലസ്ഥാനമായ കൊളംബോയില്‍ വന്‍ സംഘര്‍ഷം. വിലക്കയറ്റത്തിലും പട്ടിണിയിലും നട്ടംതിരിഞ്ഞ ജനം പ്രസിഡന്റിന്റെ വസതിയിലേക്ക് കടക്കാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷമുണ്ടായത്. അയ്യായിരത്തിലേറെ ആളുകള്‍ പൊലീസുമായി ഏറ്റുമുട്ടി. ജനത്തെ തിരിച്ചയക്കാന്‍ പൊലീസ് ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചു.
സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വടക്കന്‍ കൊളംബോയില്‍ താല്‍ക്കാലികമായി കര്‍ഫ്യു പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്നലെ രാത്രിയാണ് പ്രതിഷേധവുമായി ജനങ്ങള്‍ പ്രസിഡന്റ് ഗോതാബായ രജപക്‌സയുടെ വസതിയിലേക്ക് പോയത്.
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ജനങ്ങളോട് പ്രതിഷേധ സമരങ്ങളുടെ ഭാഗമാകാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ആഹ്വാനം ചെയ്തിരുന്നു. അശ്യവസ്തുക്കളും മണ്ണെണ്ണ അടക്കമുള്ളവയും ലഭ്യമാകാത്ത സാഹചര്യത്തില്‍ ജീവിതം രാജ്യത്ത് പൂര്‍ണമായും താറുമാറായിരിക്കുകയാണ്. ലോക ബാങ്കിന്റെ ലോണ്‍ അടുത്ത മാസത്തോടുകൂടി ലഭ്യമാകുമെന്നാണ് ശ്രീലങ്കയുടെ പ്രതീക്ഷ.
അടിയന്തര വായ്പയ്ക്കായി ഐഎംഎഫിന്റെ വ്യവസ്ഥകള്‍ അംഗീകരിക്കാന്‍ ശ്രീലങ്ക തീരുമാനിച്ചത് ഫെബ്രുവരി 28നാണ്. കര്‍ശനമായ സാമ്പത്തിക നിയന്ത്രണം എല്ലാ മേഖലയിലും നിര്‍ദേശിക്കുന്നതാണ് ഐഎംഎഫിന്റെ നിബന്ധനകള്‍. മുന്‍പും ഐഎംഎഫ് ഇത്തരം വ്യവസ്ഥകള്‍ ശ്രീലങ്കയ്ക്ക് മുന്നില്‍ വച്ചിരുന്നു. എന്നാല്‍ നിബന്ധനകള്‍ അംഗീകരിക്കാന്‍ ശ്രീലങ്ക തയാറായിരുന്നില്ല. നിലവില്‍ മറ്റ് വഴികള്‍ അടഞ്ഞതിന് പിന്നാലെയാണ് നിബന്ധനകള്‍ അംഗീകരിച്ച് വായ്പ നേടാനുള്ള നീക്കം ശ്രീലങ്ക നടത്തിയത്.
ശ്രീലങ്കയിലെ ട്രെയിന്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കാനും തീരുമാനമായിട്ടുണ്ട്. നിലവിലെ നിരക്ക് ഇരട്ടിയാക്കി വര്‍ധിപ്പിക്കാനാണ് ശ്രീലങ്കന്‍ റെയില്‍വേയുടെ നീക്കം.
സ്വാതന്ത്ര്യം നേടിയതിന് ശേഷമുള്ള ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയാണ് ശ്രീലങ്ക അഭിമുഖീകരിക്കുന്നത്. നിരവധി പേരാണ് രാജ്യത്ത് നിന്ന് പലായനം ചെയ്യാന്‍ ശ്രമിക്കുന്നത്. 2020 മാര്‍ച്ചില്‍ തുടങ്ങിയ പ്രതിസന്ധി 2021 നവംബറോടെ രൂക്ഷമായി. വിദേശനാണ്യ ശേഖരത്തിന്റെ കുറവാണ് ലങ്കയെ വലയ്ക്കുന്നത്. ഭക്ഷ്യോത്പന്നങ്ങള്‍, ഇന്ധനം, മരുന്ന് തുടങ്ങി അടിസ്ഥാന കാര്യങ്ങളടക്കം ഒന്നിനും പണമില്ലാത്ത അവസ്ഥയാണ് രാജ്യത്തുള്ളത്.