പിണറായി പെരുമ സർഗോത്സവം 2022 ന് തുടക്കമായി. ഒരാഴ്ച നീണ്ടു നിൽക്കുന്ന നാടകോത്സവത്തോടെയാണ് ഈ വർഷത്തെ പിണറായി പെരുമയുടെ തുടക്കം. പ്രശസ്ത നാടക സിനിമ നടൻ സന്തോഷ് കീഴാറ്റൂർ നാടകോത്സവം ഉദ്ഘാടനം ചെയ്തു. കലയും വികസനവും ചർച്ചയാവുന്ന കാലമാണിത്. കലാകാരന് സ്വന്തം മതസർട്ടിഫിക്കറ്റ് ഹാജരാക്കി കലാപരിപാടി അവതരിപ്പിക്കേണ്ടി വരുന്ന കാലം കൂടിയാണിത്. കോവിഡ് കാലം നാടക കലാകാരന്മാരെയാണ് കൂടുതൽ ബാധിച്ചത്. മറ്റ് കലാരൂപങ്ങൾക്ക് ഇലക്ട്രോണിക് – ഡിജിറ്റൽ സാധ്യതകൾ തുറന്നു കിട്ടുമ്പോൾ നാടകത്തിന് നേരിട്ട് കാണികളെ അഭിമുഖീകരിച്ചേ മതിയാവൂ. സത്യത്തിൽ അരങ്ങിൽ വീണ വിയർപ്പും ചോരയുമാണ് ഇന്നത്തെ കേരളത്തെ രൂപപ്പെടുത്തിയത്.
നാടകത്തിലേക്ക് സ്ത്രീകൾ ധാരാളമായി കടന്നുവരുന്നു. യഥാർത്ഥത്തിൽ സ്ത്രീകളുടെ സ്വാതന്ത്ര്യ പ്രഖ്യാപനമാണിത്. വെളിച്ചത്തിരുന്ന് സത്യം വിളിച്ചു പറയുന്നവരാണ് നാടക പ്രവർത്തകർ. എല്ലാകലാരൂപങ്ങളും വലിയ വെല്ലുവിളി നേരിടുമ്പോൾ നാടക പ്രവർത്തകർ ധീരമായ കടമയാണ് നിറവേറ്റി ക്കൊണ്ടിരിക്കുന്നത്.
എലിയൻ അനിൽ അധ്യക്ഷനായി. കക്കോത്ത് രാജൻ, ഒ വി ജനാർദ്ദനൻ, മനോജ് ചാത്തോത്ത്, ടി ജയരാജൻ എന്നിവർ സംസാരിച്ചു. സന്തോഷ് കീഴാറ്റൂരിന് പിണറായി പെരുമയുടെ ഉപഹാരം കക്കോത്ത് രാജൻ കൈമാറി. പിണറായി പെരുമയുടെ ഇൻസ്റ്റഗ്രാം പേജ് സന്തോഷ് കീഴാറ്റൂർ ഉദ്ഘാടനം ചെയ്തു. തുടർന്ന് തിരുവനന്തപുരം സൗപർണികയുടെ പ്രശസ്ത നാടകം ‘ഇതിഹാസം’ നിറഞ്ഞ സദസ്സിനു മുന്നിൽ അവതരിപ്പിച്ചു. അശോക് ശശി രചനയും സംവിധാനവും നിർവ്വഹിച്ച നാടകം കാണികൾക്ക് ദൃശ്യവിരുന്നൊരുക്കി. വൈകിട്ട് അഞ്ചിന് ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ ഫ്രീഡം @ മിഡ് നൈറ്റ്, എതു തേവയോ അതുവേ ധർമം എന്നീ ഷോർട്ട് ഫിലിമുകൾ പ്രദർശിപ്പിച്ചു. ശനിയാഴ്ച വൈകിട്ട് അഞ്ചിന് ‘പപ്പാസ്’ ഷോർട്ട് ഫിലിം വൈകിട്ട് ഏഴിന് കോഴിക്കോട് സങ്കീർത്തനയുടെ വേനലവധി നാടകവും അരങ്ങേറും.
ഒന്നു മുതൽ 14വരെ നടക്കുന്ന പെരുമക്ക് പിണറായി കൺവൻഷൻ സെന്ററും സമീപത്തെ ഓപ്പൺ ഓഡിറ്റോറിയവുമാണ് വേദികൾ. ആദ്യഏഴു ദിവസം നാടകമേളയാണ്. അഞ്ചുദിവസം ഹ്രസ്വചിത്ര മേളയുമാണ്. ഗാനമേള, ഭരതനാട്യം, കോമഡി മെഗാഷോ തുട ങ്ങി വിവിധ കലാരൂപങ്ങൾ തുടർ ദിവസങ്ങളിൽ അവതരിപ്പിക്കും. സർഗോത്സവം എട്ടിന് രാത്രി ഏഴിന് ഓപ്പൺ ഓഡിറ്റോറിയത്തിൽ കഥാകൃത്ത് ടി പത്മനാഭൻ ഉദ്ഘാടനം ചെയ്യും.
Mediawings: