ദുബൈ : നാഷനൽ ആംബുലൻസിൻറെ നമ്പറുകളിലേക്ക് വ്യാജൻമാരുടെ വിളി വർധിക്കുന്നു . ഈ വർഷം ആദ്യ പാദത്തിൽ ലഭിച്ച 44,459 കോളുകളിൽ 40 ശതമാനവും വ്യാജൻമാരോ സാധാരണ അന്വേഷണങ്ങളോ ആയിരുന്നെന്ന് അധികൃതർ വ്യക്തമാക്കി .
അടുത്തിടെ കോൾ സെൻററിൽ ലഭിച്ച ചില ‘തമാശ’ കോളുകളുടെ ഉദാഹരണം സഹിതമാണ് അധികൃതർ മുന്നറിയിപ്പ് നൽകുന്നത് . അനാവശ്യമായും തമാശക്കും കോളുകൾ ചെയ്യുന്നതുമൂലം അത്യാവശ്യക്കാർക്ക് സേവനം ലഭ്യമാകാത്ത അവസ്ഥയുണ്ടാക്കുമെന്നും ഇത്തരക്കാർക്കെതിരെ നടപടിയെടുക്കുമെന്നും മുന്നറിയിപ്പ് നൽകി .
വ്യാജ കോളുകൾ പോലെ തന്നെ അപകടകരമാണ് നിസ്സാരമായ ആവശ്യങ്ങൾ ഉന്നയിച്ച് വിളിക്കുന്ന കോളുകൾ . മരുന്ന് ആവശ്യമുണ്ട് , ആശുപത്രിയിൽ പോകാൻ ടാക്സി വിളിക്കാൻ പണമില്ല തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് പലരും വിളിക്കുന്നു . ഇതെല്ലാം അനാവശ്യമാണ് .
എമർജൻസി കോളുകളുടെ എണ്ണം ഇരട്ടിയായി വർധിച്ചിട്ടുണ്ട് . നിസ്സാര കാര്യങ്ങൾക്കായി വിളിക്കുന്നവരുടെ ചില ഉദാഹരണങ്ങളും അധികൃതർ ചൂണ്ടിക്കാണിച്ചു . പുലർച്ച മൂന്ന് മണിക്ക് ഒരു സ്ത്രീ 998 നമ്പറിലേക്ക് വിളിച്ചശേഷം താൻ ക്ഷീണിതയാണെന്ന് പറഞ്ഞു .
നിങ്ങളുടെ ശബ്ദം കേട്ടപ്പോൾ എനിക്ക് ആശ്വാസമായെന്നും ഇനി ആംബുലൻസ് ആവശ്യമില്ലെന്നും പറഞ്ഞ് കട്ട് ചെയ്യുകയായിരുന്നു . മറ്റൊരു സ്ത്രീയും ഇതേ ആവശ്യമുന്നയിച്ച് വിളിച്ചു . എന്നാൽ പാരാ മെഡിക്സ് സംഘം അവിടെ എത്തി വിളിച്ചപ്പോൾ ഫോൺ ‘ ഡുനോട്ട് ഡിസ്ടർബ് ‘ മോഡിൽ ഇട്ടിരിക്കുന്നു . അതിനാൽ ഇവരെ വിളിച്ച് കിട്ടാതെ സംഘത്തിന് മടങ്ങേണ്ടിവന്നു .
ആശുപത്രിയിൽ പോകാൻ ടാക്സിക്ക് പണം ഇല്ലെന്നും തന്നെ ആശുപത്രിയിലെത്തിക്കണമെന്നുമായിരുന്നു ഒരാളുടെ ആവശ്യം . അലഞ്ഞുതിരിഞ്ഞു നടക്കുന്ന മൃഗങ്ങളെ കുറിച് അറിയിക്കാൻ വിളിക്കുന്നവരുണ്ട് . പാരസെറ്റാമോൾ ഗുളിക എവിടെ ലഭിക്കുമെന്നായിരുന്നു ഒരാളുടെ ചോദ്യം . ശമ്പളം ലഭിക്കുന്നില്ലെന്ന് പറഞ്ഞ് വിളിക്കുന്നവരുമുണ്ട് . ചുമ കൂടിയതിനെ തുടർന്ന് ഗ്രോസറി ജീവനക്കാരനെ ഉടൻ ആശുപത്രി യിലെത്തിക്കണമെന്നായിരുന്നു ഒരാളുടെ ആവശ്യം .
കോവിഡിന് മുമ്പ് മാസം ശരാശരി 6763 ഫോൺ കോളുകളായിരുന്നു എത്തിയിരുന്നത് . കഴിഞ്ഞ വർഷം ഇത് 18,537 ആയി ഉയർന്നു . എമർജൻസി വിഭാഗത്തിന് സമയം വിലപ്പെട്ടതാണെന്നും ഒരു സെക്കൻഡ് കൊണ്ട് ഒരാളുടെ ജീവൻ നഷ്ടപ്പെട്ടേക്കാമെന്നും എമർജൻസി നമ്പർ ഉപയോഗിച്ച് തമാശ കളിക്കരുതെന്നും നാഷനൽ ആംബുലൻസ് സി.ഇ.ഒ അഹ്മദ് സല അൽ ഹജ്രി പറഞ്ഞു.