സിപിഐഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുക്കാൻ കെ വി തോമസിനെ ക്ഷണിച്ചത് കോൺഗ്രസ് പ്രതിനിധിയെന്ന നിലയിലെന്ന ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പാർട്ടി പുറത്താക്കിയാൽ സംരക്ഷിക്കുമോയെന്ന ചോദ്യത്തിന് ഇപ്പോൾ പ്രസക്തിയില്ല. മതേതര ഐക്യത്തിൽ സഹകരിക്കണമോയെന്ന് തീരുമാനിക്കേണ്ടത് കോൺഗ്രസാണ്. ഇന്ത്യയെ സംരക്ഷിക്കണമെന്നുള്ളവർ ഒന്നിച്ച് നിൽക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ഇതിനിടെ സ്റ്റാലിനെ പ്രശംസിച്ചു എന്ന വാർത്തകൾ ശരിയല്ലെന്നും യെച്ചൂരി വ്യക്തമാക്കി. ഏറ്റവും മികച്ച ബിജെപി ഇതര മുഖ്യമന്ത്രി സ്റ്റാലിൻ ആണെന്ന് പറഞ്ഞിട്ടില്ല. ബിജെപി ഇതര മുഖ്യമന്ത്രിമാർ ഒന്നിച്ചു വരണം എന്നാണ് പറഞ്ഞതെന്ന് അദ്ദേഹം വ്യക്തമാക്കി.
കണ്ണൂരിൽ നടക്കുന്ന സിപിഐഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ മുതിർന്ന കോൺഗ്രസ് നേതാവ് കെ വി തോമസ് ഇന്ന് പങ്കെടുക്കും. വൈകിട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനുമൊപ്പമാണ് കെ വി തോമസ് വേദി പങ്കിടുക. ‘കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള ബന്ധം’ എന്ന വിഷയത്തിലാണ് സിപിഐഎം പാർട്ടി കോൺഗ്രസ് സെമിനാർ.
ഇന്നലെ കെ വി തോമസിന് കണ്ണൂർ വിമാനത്താവളത്തിൽ സിപിഐഎം വൻ സ്വീകരണമാണ് ഒരുക്കിയിരുന്നത്. കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജനും പാർട്ടി പ്രവർത്തകരും കെ വി തോമസിനെ സ്വീകരിക്കാൻ വിമാനത്താവളത്തിലെത്തിയിരുന്നു. എം വി ജയരാജൻ ചുവന്ന ഷാൾ അണിയിച്ച് കെ വി തോമസിനെ സ്വീകരിച്ചു. തനിക്ക് പറയാനുള്ളതെല്ലാം പാർട്ടി സമ്മേളനത്തിന്റെ ഭാഗമായ സെമിനാറിൽ താൻ പറയുമെന്ന് കെ വി തോമസ് ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്.