ദുബൈ :ഈ മാസം 13 മുതൽ ദുബായിലുടനീളമുള്ള 10 മേഖലകളിൽ തിരഞ്ഞെടുത്ത സൈക്ലിങ് ട്രാക്കുകളിൽ ഇലക്ട്രിക് സ്കൂട്ടറുകൾ അനുവദിക്കും . 2020 ഒക്ടോബറിൽ ആരംഭിച്ച ഇ – സ്കൂട്ടറുകളുടെ ട്രയൽ ഓപറേഷന്റെ വൻ വിജയത്തിനു ശേഷമാണ് ഈ നടപടിയെന്ന് ആർടിഎയും ദുബായ് പൊലീസും പറഞ്ഞു . ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ബൊൾവാർഡ് , ജുമൈറ ലേയ്ക്സ് ടവേഴ്സ് , ദുബായ് ഇന്റർനെറ്റ് സിറ്റി , അൽ റിഗ്ഗ , ഡിസംബർ 2 സ്ട്രീറ്റ് , പാം ജുമൈറ , സിറ്റി വാക്ക് എന്നിവയാണു പ്രാരംഭ ഘട്ടത്തിൽ ഉൾപ്പെടുന്നതെന്ന് ആർടിഎ ഡയറക്ടർ ജനറലും ചെയർമാനുമായ മാറ്റർ അൽ തായർ പറഞ്ഞു . ഖിസൈസ് , മൻഖൂൽ , കരാമ എന്നിവിടങ്ങളിലെ നിർദിഷ്ട സോണുകൾക്കുള്ളിലെ സുരക്ഷിതമായ റോഡുകളും ട്രാക്കുകളും സൈഹ് അസ്സലാം , അൽ ഖുദ്ര , മെയ്ദാൻ എന്നിവയൊഴികെ ദുബായിലുടനീളമുള്ള സൈക്കിളുകൾക്കും സ്കൂട്ടറുകൾക്കുമായി നിർദേശിച്ച 167 കിലോമീറ്റർ നീളമുള്ള ട്രാക്കുകളും ഉൾക്കൊള്ളുന്നു . നിർദ്ദിഷ്ട ജില്ലകളിലെ ഇ – സ്കൂട്ടർ വാടക രണ്ട് ഇന്റർനാഷണൽ ( ടയർ ആൻഡ് ലൈം ) , രണ്ട് ലോക്കൽ ( അർണാബ് , സ്കർട്ട് ) എന്നിങ്ങനെ നാലു കമ്പനികൾക്കു മാത്രമായി പരിമിതപ്പെടുത്തി . 2,000 ഇ – സ്കൂട്ടറുകളെങ്കിലും കമ്പനികൾ വിന്യസിക്കുമെന്നും അൽ തായർ കൂട്ടിച്ചേർത്തു . പരീക്ഷണ ഘട്ടത്തിൽ , നാല് ഓപറേറ്റർമാർക്കും 82 ശതമാനം വരെ ഉപയോഗ സംതൃപ്തി റേറ്റിങ് ലഭിച്ചു .
ബൈക്കോ വാഹനങ്ങളുടെയോ കാൽനടയാത്രക്കാരുടെയോ സഞ്ചാരത്തിനു തടസ്സം സൃഷ്ടിക്കുന്നതോ റോഡ് ഉപയോക്താക്കൾക്ക് അപകടസാധ്യത ഉണ്ടാക്കുന്നതോ ആയ ഇടങ്ങളിൽ ഇ- സ്കൂട്ടറോ പാർക്ക് ചെയ്താൽ 200 ദിർഹം പിഴ ലഭിക്കും . ദുബായിലെ ഇ – സ്കൂട്ടറുകൾ അനുവദിച്ച സ്ഥലങ്ങളിൽ മാത്രം പാർക്ക് ചെയ്യണം . അനുവദനീയമായ പ്രദേശങ്ങളിൽ പാർക്കിങ് സ്ഥലങ്ങൾ ഒരുക്കിയിട്ടുണ്ട് . അവ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലും പൊതുഗതാഗത സ്റ്റേഷനുകൾക്ക് സമീപവുമാണ് . താമസക്കാരെയും സന്ദർശകരെയും ഇ സ്കൂട്ടറുകൾ ഉപയോഗിക്കാൻ പ്രോത്സാഹിപ്പിക്കുക എന്നതാണ് ലക്ഷ്യം . ഇ സ്കൂട്ടർ ഓടിക്കാനുള്ള നിയമങ്ങൾ ഈയിടെ പുറത്തിറക്കിയ എക്സിക്യൂട്ടീവ് കൗൺസിൽ പ്രമേയത്തിൽ ഇ – സ്കൂട്ടറുകൾ ആർടിഎ നിശ്ചയിക്കുന്ന അനുവദനീയമായ പ്രദേശങ്ങളിലും ട്രാക്കുകളിലും മാത്രമേ ഉപയോഗിക്കാവൂ എന്ന് പറയുന്നു . നടപ്പാതകളിലോ ഓടുന്ന ട്രാക്കിലോ അവരെ അനുവദിക്കില്ല . ബാറ്ററി കത്തിയുള്ള അപകടങ്ങളും പതിവ് സാങ്കേതിക തകരാറുകളും ഒഴിവാക്കാൻ ഉയർന്ന നിലവാരമുള്ള ഇ – സ്കൂട്ടറുകൾ തിരഞ്ഞെടുക്കാൻ ആർടിഎ ആവശ്യപ്പെട്ടു .