അമേരിക്കയ്ക്ക് മറുപടിയുമായി ഇന്ത്യ. യുഎസിലെ മനുഷ്യാവകാശ ലംഘനങ്ങളിൽ ഇന്ത്യയ്ക്കും ആശങ്കയുണ്ടെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കർ പറഞ്ഞു. ഇന്ത്യയിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചും റഷ്യൻ ആയുധം വാങ്ങുമ്പോഴുള്ള ഉപരോധത്തെക്കുറിച്ചുമുള്ള യുഎസ് പരാമർശങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘ഇന്ത്യയെ സുരക്ഷിതമാക്കാൻ ഉപരോധങ്ങളെ ഭയക്കാതെ വേണ്ടതു ചെയ്യും. ജനങ്ങള്‍ക്ക് നമ്മളെക്കുറിച്ച് ഓരോ കാഴ്ചപ്പാടുണ്ട്. നമുക്കും അവരുടെ ലോബികളെക്കുറിച്ചും വോട്ട് ബാങ്കുകളെക്കുറിച്ചും അറിയാം. ഇക്കാര്യത്തിൽ മൗനം അവലംബിക്കില്ല. മറ്റുള്ളവരുടെ മനുഷ്യാവകാശങ്ങളെക്കുറിച്ചും നമുക്ക് കാഴ്ചപ്പാടുണ്ട്. പ്രത്യേകിച്ചും നമ്മുടെ സമൂഹത്തെ അതു ബാധിക്കുമ്പോൾ’ – ജയശങ്കർ വ്യക്തമാക്കി.
റഷ്യ യുക്രൈൻ യുദ്ധത്തില്‍ ഇന്ത്യയുടെ നിലപാട് യുഎസിന് ബോധ്യപ്പെട്ടതിൽ തൃപ്തിയുണ്ടെന്നും ജയശങ്കർ കൂട്ടിച്ചേർത്തു. റഷ്യയ്ക്കുമേൽ ഏർപ്പെടുത്തിയ ഉപരോധങ്ങൾക്കിടയിലും ഇന്ത്യ റഷ്യയുടെ എസ്–400 മിസൈൽ പ്രതിരോധ സംവിധാനം വാങ്ങാനൊരുങ്ങുകയാണ്. ഇതിൽ ഇന്ത്യയ്ക്കെതിരെയും ഉപരോധമുണ്ടാകുമെന്നാണ് യുഎസിന്റെ ഭീഷണി.