പാലക്കാട് മേലാമുറിയിലെ ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതകത്തില്‍ പ്രതികളിലേക്ക് വിരല്‍ ചൂണ്ടുന്ന നിര്‍ണായക തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. കസ്റ്റഡിയിലെടുത്ത പ്രതികളുടെ മൊഴികളില്‍ നിന്നാണ് പൊലീസിന് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്.
ഇലപ്പുള്ളിയിലെ സുബൈര്‍ വധത്തിലും അന്വേഷണസംഘത്തിന്റെ ഭാഗത്ത് നിന്ന് ഇന്ന് നിര്‍ണായക നീക്കങ്ങള്‍ ഉണ്ടായേക്കും. ജില്ലയില്‍ സമാധാനാന്തരീക്ഷം പുനസ്ഥാപിക്കാന്‍ വിളിച്ച് ചേര്‍ത്ത സര്‍വ്വകക്ഷി യോഗം ഇന്ന് ഉച്ചയോടെ ചേരും.
ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതകത്തില്‍ അന്വേഷണ സംഘത്തിന് ഏറെ സഹായകമായത് സിസിടിവി ദൃശ്വങ്ങളാണ്. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പൊലീസിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്.
സംഭവത്തില്‍ നേരിട്ട് ഉള്‍പ്പെട്ട 6 പേര്‍ക്കൊപ്പം മറ്റ് ചിലര്‍ കൂടി പ്രതികളായേക്കുമെന്നാണ് പൊലീസ് നല്കുന്ന സൂചന. ഇവര്‍ക്ക് പ്രാദേശികമായ സഹായം കിട്ടിയോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
എലപ്പുള്ളിയിലെ എസ്ഡിപിഐ പ്രവര്‍ത്തകന്റെ കൊലപാതകത്തിലും പ്രതികളെക്കുറിച്ച് പൊലീസിന് കൃത്യമായ സൂചനകള്‍ ലഭിച്ചിട്ടുണ്ട്. നിലവില്‍ കസ്റ്റഡിയിലുള്ള 4 പേര്‍ക്ക് പുറമേ മറ്റ് ചിലരെക്കൂടി ഇന്നലെ പൊലീസ് ചോദ്യം ചെയ്തിരുന്നു.
അതിനിടെ, ജില്ലയില്‍ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ജില്ലയുടെ ചുമതലയുള്ള മന്ത്രി കെ കൃഷ്ണന്‍കുട്ടി വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗം ഇന്ന് വൈകീട്ട് 3.30 ന്കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.
ഇതിനിടെ ജില്ലയില്‍ 144 പ്രഖ്യാപിച്ചതിന് പിന്നാലെ ഇരുചക്ര യാത്രക്ക് നിയന്ത്രണം ഏര്‍പെടുത്തി ജില്ലാ ഭരണകൂടം ഉത്തരവിറക്കി. സ്ത്രീകളും കുട്ടികളും ഒഴികെയുള്ളവരെ പിറകിലെ സീറ്റില്‍ ഇരുത്തി യാത്ര നടത്താന്‍ പാടില്ലെന്നാണ് ഉത്തരവ്.
പോപ്പുലര്‍ ഫ്രണ്ട്, ആര്.എസ്.എസ് അനുഭാവികളുടെ കൊലപാതകത്തെ തുടര്‍ന്ന് മതവിദ്വേഷകരമായ സാഹചര്യം ഉടലെടുക്കാനും ക്രമസമാധാന നില തടസപ്പടാനുമുളള സാധ്യത മുന്നില്‍ കണ്ടുകൊണ്ടാണ് നിയന്ത്രണം. ഏപ്രില്‍ 20 ന് വൈകീട്ട് ആറ് വരെ പാലക്കാട് ജില്ല പരിധിയില്‍ നിരോധനാജ്ഞ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് നടപടി.