ഭൂമി തരംമാറ്റുന്നതിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച യോഗം ഇന്ന്. വൈകിട്ട് മൂന്നരയ്ക്ക് ഓണ്‍ലൈനായാണ് യോഗം. ഭൂമി തരംമാറ്റുന്നതുമായി ബന്ധപ്പെട്ട് 1.27 ലക്ഷം അപേക്ഷകളാണ് സംസ്ഥാനത്തെ വിവിധ ആര്‍.ഡി ഓഫീസുകളില്‍ കെട്ടിക്കിടക്കുന്നത്.
സംസ്ഥാനത്ത് ഭൂമി തരംമാറ്റുന്നതിനുള്ള അപേക്ഷകളുടെ തീര്‍പ്പ് വിലയിരുത്താനാണ് മുഖ്യമന്ത്രി യോഗം വിളിച്ചിട്ടുള്ളത്. ഓണ്‍ലൈനായി ചേരുന്ന യോഗത്തില്‍ റവന്യൂ, കൃഷി മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും. ഭൂമി തരംമാറ്റം സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ആര്‍.ഡി.ഒ മാര്‍ വൈകിപ്പിക്കുന്നുവെന്ന പരാതികളെ തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ ഇടപെടല്‍.
ഭൂമി തരംമാറ്റത്തിന് പ്രത്യേക നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ നല്‍കിയിരുന്നു. എന്നാല്‍ ആര്‍.ഡി. ഓഫീസുകളില്‍ അപേക്ഷകളില്‍ തീര്‍പ്പാക്കാന്‍ വൈകുന്നുവെന്നാണ് പരാതി ഉയര്‍ന്നത്. ഭൂമി തരംമാറ്റത്തിന് അര്‍ഹമല്ലാത്തത് തള്ളാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നത്. എന്നാല്‍ സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി അര്‍ഹമായവ പോലും തള്ളുന്നുവെന്നാണ് പരാതി.
വ്യാപകമായ പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ യോഗത്തില്‍ പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കും. ഇതോടൊപ്പം നിയമപ്രശ്‌നങ്ങളും ചര്‍ച്ചയാകും. ജനങ്ങള്‍ ഓഫീസുകള്‍ കയറിയിറങ്ങേണ്ട സാഹചര്യം ഒഴിവാക്കണമെന്നാണ് സര്‍ക്കാര്‍ നല്‍കിയിട്ടുള്ള നിര്‍ദ്ദേശം.