സന്തോഷ് ട്രോഫി : കേരളത്തെ സമനിലയില്‍ തളച്ച്‌ മേഘാലയ

മലപ്പുറം: സന്തോഷ് ട്രോഫിയില്‍ കേരളത്തെ സമനിലയില്‍ പിടിച്ച്‌ മേഘാലയ. ഇരു ടീമുകളും രണ്ടു ഗോള്‍ വീതം നേടി. കേരളത്തിനായി മുഹമ്മദ് സഫ്‌നാദും സഹീഫും ലക്ഷ്യം കണ്ടു. മേഘാലയക്കായി കിന്‍സൈബോറും ഫിഗോ സിന്‍ഡായും വല ചലിപ്പിച്ചു.

ബംഗാളിനെതിരേ വിജയം നേടിയ മത്സരത്തില്‍ നിന്നും ഒരു മാറ്റവുമായാണ് കേരളം മേഘാലയക്കെതിരേ ആദ്യ ഇലവനെ ഇറക്കിയത്. അണ്ടര്‍ 21 താരം ഷിഗിലിന് പകരം മുഹമ്മദ് സഫ്നാദ് ആദ്യ ഇലവനില്‍ ഇടംനേടി. മറുവശത്ത് മേഘാലയ, രാജസ്ഥാനെതിരായ കഴിഞ്ഞ മത്സരത്തില്‍ നിന്ന് മൂന്ന് മാറ്റങ്ങളുമായാണ് കളത്തിലിറങ്ങിയത്.

17-ാം മിനിറ്റിലായിരുന്നു കേരളത്തിന്റെ ആദ്യഗോള്‍. കേരളത്തിന്റെ മുന്നേറ്റത്തിനൊടുവില്‍ പന്ത് ലഭിച്ച നിജോ ഗില്‍ബര്‍ട്ട് നല്‍കിയ അളന്നുമുറിച്ച ക്രോസ് മുഹമ്മദ് സഫ്നാദ് വലയിലെത്തിക്കുകയായിരുന്നു.

40-ാം മിനിറ്റില്‍ മേഘാലയയുടെ ഗോളെത്തി. വലതുവിങ്ങില്‍ നിന്ന് അറ്റ്ലാന്‍സന്‍ ഖര്‍മ നല്‍കിയ ക്രോസ് കിന്‍സൈബോര്‍ ലുയ്ദ് ടാപ് ചെയ്ത് ലക്ഷ്യം കാണുകയായിരുന്നു.

49-ാം മിനിറ്റില്‍ ജെസിനെ മേഘാലയ താരം ബോക്സില്‍ വീഴ്ത്തിയതിന് കേരളത്തിന് അനുകൂലമായി പെനാല്‍റ്റി ലഭിച്ചു. പക്ഷേ കിക്കെടുത്ത ക്യാപ്റ്റന്‍ ജിജോ ജോസഫിന് പിഴച്ചു.പിന്നാലെ 55-ാം മിനിറ്റില്‍ കേരളത്തി ഞെട്ടിച്ച്‌ ഫിഗോ സിന്‍ഡായ് മേഘാലയയെ മുന്നിലെത്തിച്ചു. കോര്‍ണറില്‍ നിന്ന് ഹെഡറിലൂടെയായിരുന്നു ഫിഗോയുടെ ഗോള്‍.

എന്നാല്‍ ഈ ഗോളിന്റെ ആവേശമടങ്ങും മുമ്പ് കേരളം ഒപ്പമെത്തി. 58-ാം മിനിറ്റില്‍ അര്‍ജുന്‍ ജയരാജ് എടുത്ത ഫ്രീ കിക്കില്‍ നിന്നായിരുന്നു ഗോള്‍. മേഘാലയ താരങ്ങളുടെ ദേഹത്ത് തട്ടിയെത്തിയ പന്ത് മുഹമ്മദ് സഹീഫ് വലയിലെത്തിക്കുകയായിരുന്നു.

spot_img

Related Articles

Latest news