ഹരിദാസൻ വധക്കേസിലെ പ്രതിയെ ഒളിവിൽ പാർപ്പിച്ച രേഷ്മയ്ക്ക് ബിജെപി ബന്ധമില്ലെന്ന് ജില്ലാ നേതൃത്വം. രേഷ്മയും കുടുംബവും സിപിഐഎം ക്യാമ്പിലുള്ളവരാണെന്നാണ് ബിജെപി ജില്ലാ പ്രസിഡന്റ് എൻ. ഹരിദാസ് ആവർത്തിക്കുന്നത്. ജയിലിൽ നിന്നിറങ്ങിയ രേഷ്മയെ ബിജെപി കൗൺസിലർ സ്വീകരിച്ചത് ജനപ്രതിനിധിയെന്ന നിലയിലാകും. ഇതിനെപ്പറ്റി അന്വേഷിക്കുമെന്നും ഹരിദാസ് പറഞ്ഞു.
തനിക്കെതിരെ സൈബർ ആക്രമണം നടത്തുകയാണെന്ന് ആരോപിച്ച് എം വി ജയരാജനും കാരായി രാജനുമെതിരെ രേഷ്മ മുഖ്യമന്ത്രിയ്ക്ക് പരാതി നൽകിയിരുന്നു. എം വി ജയരാജൻ അശ്ലീല പദപ്രയോഗം നടത്തിയെന്ന് പരാതിയിൽ ആരോപിക്കുന്നു.
സി പി ഐ എം അനുഭാവി കുടുംബമാണ് തങ്ങളുടേതെന്നും രേഷ്മ പരാതിയിൽ പറയുന്നു. ഹരിദാസ് വധക്കേസിലെ പ്രതി നിജിൽ ദാസിനെ ഒളിത്താവളം ഒരുക്കിയതിന് പിടിയിലായതിന് പിന്നാലെയാണ് രേഷ്മയ്ക്കെതിരെ സൈബർ ആക്രമണമുണ്ടായത്.
സ്ത്രീ എന്ന പരിഗണന പോലും നൽകാതെ അപമാനിക്കുകയാണെന്നും കർശന നിയമ നടപടി സ്വീകരിക്കുമെന്നും രേഷ്മയുടെ അഭിഭാഷകൻ അറിയിച്ചു. സൈബർ ആക്രമണങ്ങൾ അംഗീകരിക്കില്ലെന്ന് പറഞ്ഞ എം വി ജയരാജൻ പക്ഷെ പ്രതി ഒളിവിലുള്ള വീട്ടിൽ പോയി രേഷ്മ ഭക്ഷണം വിളമ്പിയതിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ചു.
ഹരിദാസ് വധക്കേസുമായി ബന്ധപ്പെട്ട് പ്രതിയെ ഒളിപ്പിച്ച കുറ്റത്തിന് അറസ്റ്റിലായ രേഷ്മയെ ജാമ്യത്തിലിറക്കിയത് ബിജെപിയാണെന്നും ഇവർക്ക് ആർ.എസ്.എസ് ബന്ധമുണ്ടെന്നും കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ ആരോപിച്ചിരുന്നു. പ്രതിയെ ഒളിപ്പിക്കാൻ ഒത്താശ ചെയ്തത് ബിജെപിയാണ്.
രേഷ്മയെ ജയിലിൽ നിന്ന് സ്വീകരിക്കാനെത്തിയതും ബിജെപിക്കാർ തന്നെ. നിജിൻ ദാസ് കൊലക്കേസ് പ്രതിയാണെന്ന് രേഷ്മയ്ക്ക് നന്നായറിയാമായിരുന്നു. ഒന്നാംപ്രതി ലിജേഷ് ബി.ജെ.പി മണ്ഡലം പ്രസിഡന്റാണ്. ഇതിൽ എല്ലാവരും ബിജെപിക്കാരും അനുഭാവികളുമാണ്.
പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്നും വസ്തുതയാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഹരിദാസിനെ കൊലപ്പെടുത്തിയ പ്രതി നിജിൽദാസിനെ രേഷ്മ ഒളിപ്പിച്ചത് കുറ്റവാളിയെന്നറിഞ്ഞുകൊണ്ട് തന്നെയാണെന്ന് റിമാൻഡ് റിപ്പോർട്ട് പുറത്തുവന്നിരുന്നു. നിജിൽദാസിനെ രേഷ്മ സഹായിച്ചതിന് തെളിവുണ്ടെന്നും വീട് ആവശ്യപ്പെട്ടത് പ്രതി നേരിട്ടാണെന്നും വിശദ അന്വേഷണം വേണമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
കേസിൽ അധ്യാപികയും പിണറായി സ്വദേശിയുമായ രേഷ്മയ്ക്ക് തലശ്ശേരി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചിരുന്നു.