ഡൽഹി എയിംസിൽ ഇന്നുമുതൽ അനശ്ചിതകാല സമരം പ്രഖ്യാപിച്ച് നഴ്സിംഗ് സ്റ്റാഫ്. നഴ്സസ് യൂണിയൻ പ്രസിഡന്റ് ഹരീഷ് കുമാർ കജ്ളയുടെ സസ്പെൻഷനിൽ പ്രതിഷേധിച്ചാണ് സമരം. ആശുപത്രിയിലെ മുഴുവൻ സർവീസുകളും ബഹിഷ്കരിക്കുമെന്ന് നഴ്സസ് അറിയിച്ചു.
ഹരീഷ് കജ്ളയെ ശരിയായ കാരണങ്ങളില്ലാതെ സസ്പെൻഡ് ചെയ്യാനുള്ള ഏകപക്ഷീയമായ തീരുമാനത്തിന് മറുപടിയായി യൂണിയൻ അടിയന്തര എക്സിക്യൂട്ടീവ് യോഗം വിളിച്ചിട്ടുണ്ട്. ഹരീഷ് കുമാർ കജ്ളയുടെ സസ്പെൻഷൻ ഉടൻ പിൻവലിക്കണമെന്നും യൂണിയൻ എക്സിക്യൂട്ടീവുകൾക്കും യൂണിയൻ അംഗങ്ങൾക്കുമെതിരായ എല്ലാത്തരം പ്രതികാര നടപടികളും നിർത്തണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധം.
ജീവനക്കാരുടെ കുറവിനെച്ചൊല്ലി ശനിയാഴ്ച ഒരു കൂട്ടം നഴ്സുമാർ പ്രധാന ഓപ്പറേഷൻ തിയേറ്ററിൽ നടത്തിയ പ്രതിഷേധത്തെത്തുടർന്നാണ് നഴ്സസ് യൂണിയൻ പ്രസിഡന്റ് ഹരീഷ് കുമാറിനെ സസ്പെൻഡ് ചെയ്തത്.
സംഭവത്തിൽ കജ്ള ഉൾപ്പെടെ നാല് നഴ്സിംഗ് സ്റ്റാഫുകൾക്ക് കാരണം കാണിക്കൽ നോട്ടിസ് നൽകിയതായി എയിംസിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞിരുന്നു. കജ്ളയുടെ പ്രതികരണത്തിന്റെയും പ്രതിഷേധത്തിനിടെ ഒപ്പമുണ്ടായിരുന്ന മറ്റ് ഡോക്ടർമാരുടെയും നഴ്സുമാരുടെയും മൊഴിയുടെയും അടിസ്ഥാനത്തിലാണ് കജ്ളയ്ക്കെതിരെ നടപടി ആരംഭിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.