കോവിഡ് പ്രതിസന്ധിയിലും, വലിയ വിമാനങ്ങളുടെ നിയന്ത്രണങ്ങൾ തുടരുന്നതിനിടയിലും കരിപ്പൂരിന് നേട്ടം
കരിപ്പൂര്‍: വലിയ വിമാനങ്ങള്‍ക്കുള്ള നിയന്ത്രണം തുടരുമ്പോഴും കോവിഡ് പ്രതിസന്ധിക്കിടയിലും യാത്രക്കാരുടെ എണ്ണത്തില്‍ പിറകോട്ട് പോകാതെ കോഴിക്കോട് വിമാനത്താവളം.
കോവിഡ് കാലത്ത് സര്‍വിസുകളുടെ എണ്ണം കുത്തനെ കുറഞ്ഞ സാഹചര്യത്തിലും അന്താരാഷ്ട്ര യാത്രികരുടെ എണ്ണത്തില്‍ രാജ്യത്ത് ആറാമതാണ് കരിപ്പൂര്‍. കൂടുതല്‍ സര്‍വിസുകളും വലിയ വിമാനങ്ങളുമുള്ള വിമാനത്താവളങ്ങളെ മറികടന്നാണ് കരിപ്പൂര്‍ രാജ്യാന്തര യാത്രികരുടെ എണ്ണത്തില്‍ മുന്നിട്ട് നില്‍ക്കുന്നത്.
2021-22 സാമ്പത്തിക വര്‍ഷത്തില്‍ കരിപ്പൂര്‍ വഴി സഞ്ചരിച്ചവരുടെ എണ്ണം 16,65,145 പേരാണ്. കോവിഡിന് മുമ്പ് 32.29 ലക്ഷമായിരുന്നു മൊത്തം യാത്രക്കാര്‍.
കോവിഡ് രൂക്ഷമായ 2020-21ല്‍ 9,02,012 പേരാണ് ഉണ്ടായിരുന്നത്. കേരളത്തിലെ വിമാനത്താവളങ്ങളില്‍ മൊത്തം യാത്രികരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനവും കരിപ്പൂരിനാണ്. കൊച്ചി- 47,17,777, തിരുവനന്തപുരം-16,55,506, കണ്ണൂര്‍-7,99,122 എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ കണക്ക്. ആഭ്യന്തര യാത്രക്കാരുടെ എണ്ണമാണ് തിരുവനന്തപുരത്തിന് നേട്ടമായത്. കഴിഞ്ഞ വര്‍ഷം 13,55,424 പേരാണ് കരിപ്പൂര്‍ വഴി സഞ്ചരിച്ച രാജ്യാന്തര യാത്രികര്‍.
ഡല്‍ഹി, മുംബൈ, കൊച്ചി, ഹൈദരാബാദ്, ചെന്നൈ എന്നിവയാണ് കരിപ്പൂരിന് മുന്നിലുള്ള വിമാനത്താവളങ്ങള്‍. മുന്‍വര്‍ഷം 7,12,872 ആയിരുന്നു യാത്രക്കാര്‍. സര്‍വിസുകളുടെ എണ്ണത്തിലും വര്‍ധനവുണ്ടായിട്ടുണ്ട്. 10,697 അന്താരാഷ്ട്ര സര്‍വിസുകളാണ് ഈ കാലയളവില്‍ നടത്തിയത്. മുന്‍ സാമ്പത്തിക വര്‍ഷത്തില്‍ ഇത് 5611 ആയിരുന്നു.
ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തിലും മെച്ചപ്പെട്ടിട്ടുണ്ട്. അതേസമയം, കേരളത്തിലെ നാല് വിമാനത്താവളങ്ങളില്‍ ഏറ്റവും കുറവ് ആഭ്യന്തര സര്‍വിസുള്ളത് കരിപ്പൂരാണ്. യാത്രക്കാരുടെ എണ്ണത്തില്‍ മൂന്നാമതാണ് കരിപ്പൂര്‍. 3,09,721 ആണ് കഴിഞ്ഞ വര്‍ഷത്തെ ആഭ്യന്തര യാത്രക്കാര്‍. 4311 ആഭ്യന്തര സര്‍വിസുകളാണ് മുന്‍ വര്‍ഷം നടന്നത്.
ഇതേ കാലയളവില്‍ 5674 ആഭ്യന്തര സര്‍വിസുകള്‍ നടന്ന കണ്ണൂരില്‍ യാത്രക്കാരുടെ എണ്ണം 2,76,492 ആണ്. 10,544 ടണ്‍ ആണ് 2021-22ലെ ചരക്കുനീക്കം. ഇതില്‍ 9937 ടണ്‍ അന്താരാഷ്ട്ര സെക്ടറിലും 607 ടണ്‍ ആഭ്യന്തര സെക്ടറിലുമാണ്.