തിരുവനന്തപുരം: റെയില്‍വേ ബജറ്റില്‍ തമിഴ്നാടിനെ കൈയയച്ച് സഹായിച്ചും കേരളത്തിനു നേരെ കണ്ണടച്ചും കേന്ദ്രം. കേരളത്തിനുള്ള തുക വര്‍ധന തമിഴ്നാടിന് വര്‍ധിപ്പിച്ചതിന്റെ നേര്‍പകുതി മാത്രമെന്ന് 2019 മുതലുള്ള മൂന്ന് ബജറ്റുകളും അടിവരയിടുന്നു.
2019 -2020 സാമ്പത്തിക വര്‍ഷം 2410 കോടിയാണ് തമിഴ്നാടിനെങ്കില് 2021-22 കാലയളവില്‍ ഇത് 2972 കോടിയായി. അതേസമയം 2019-20 ല്‍ കേരളത്തിന് ലഭിച്ച തുക 667 കോടിയായിരുന്നു. പുതിയ ബജറ്റിലിത് 871 കോടിയായി ഉയര്‍ന്നു. ഫലത്തില്‍ മൂന്ന് ബജറ്റുകളിലുമായി ഇരു സംസ്ഥാനങ്ങള്‍ക്കും ലഭിച്ച തുകയില്‍ വലിയ അന്തരമാണുള്ളത്. ഇക്കാലയളവില്‍ തമിഴ്നാട് വിഹിത വര്‍ധന 562 കോടിയാണെങ്കില്‍ കേരളത്തിന് 204 കോടി മാത്രമാണ്.
ഇക്കുറി കേരളം ഏറെ പ്രതീക്ഷ പുലര്‍ത്തിയ ശബരിപാതയെ സാങ്കേതിക കാരണങ്ങള്‍ നിരത്തി അവഗണിച്ച കേന്ദ്രം പക്ഷേ, പുതിയ പാതകളുടെ കാര്യത്തില്‍ തമിഴ്നാടിനെ സഹായിച്ചു. മധുര-തൂത്തുക്കുടി, രാമേശ്വരം-ധനുഷ്കോടി എന്നീ പുതിയ ലൈനുകള്‍ക്കായി 95 കോടിയാണ് നീക്കിവെച്ചത്. അങ്കമാലി-ശബരി പാതയുടെ ചെലവായ 2815 കോടിയുടെ പകുതി വഹിക്കാമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടും റെയില്‍വേ മുഖം തിരിച്ചു.
ടോക്കണ്‍ തുകയെന്ന നിലയില്‍ 1000 രൂപ മാത്രമാണ് ബജറ്റിലുള്ളത്. പദ്ധതി കൈവിട്ടിട്ടില്ലെന്നും സജീവ പരിഗണനയിലുണ്ടെന്നുമാണ് ടോക്കണ്‍ തുക വകയിരുത്തിയതിലൂടെയുള്ള സൂചനയെന്നാണ് റെയില്‍വേ അധികൃതര്‍ വിശദീകരിക്കുന്നത്. പുതിയ ട്രെയിനുകള്‍, സര്‍വിസ് ദീര്‍ഘിപ്പിക്കല്‍, എല്‍.എച്ച്.ബി കോച്ചുകള്‍, സ്റ്റേഷന് നവീകരണം, പാലക്കാട് കോച്ച് ഫാക്ടറി തുടങ്ങി കേരളത്തിന്റെ ആവശ്യങ്ങള്‍ നിരത്തി സംസ്ഥാനം കേന്ദ്രത്തിന് കത്ത് നല്‍കിയിരുന്നെങ്കിലും ഒന്നും പരിഗണിച്ചില്ല. ‘സൂപ്പര്‍ ക്രിട്ടിക്കല്‍ പദ്ധതിക’ളായി പരിഗണിച്ച ആറ് പാതയിരട്ടിപ്പിക്കലുകളില് രണ്ടെണ്ണം കേരളത്തിലാണെന്നതാണ് ആശ്വാസം.
കുറപ്പന്തറ-ചിങ്ങവനം ലൈനിന് 170 കോടിയും അമ്പലപ്പുഴ ഹരിപ്പാടിന് 15 കോടിയും ലഭിച്ചിട്ടുണ്ട്. നേമം ടെര്‍മിനല്‍, കൊച്ചുവേളി എന്നിവക്ക് പതിവ് അവഗണനയാണ് ഇക്കുറിയെങ്കിലും തിരുവനന്തപുരം-കന്യാകുമാരി പാത ഇരട്ടിപ്പിക്കലിന് മെച്ചപ്പെട്ട പരിഗണന കിട്ടിയെന്നതും ആശ്വാസകരമാണ്.