മലപ്പുറം: സന്തോഷ് ട്രോഫി ഫൈനലില്‍ കേരളം ബംഗാളുമായി ഏറ്റുമുട്ടും. ഇന്ന് നടന്ന സെമിഫൈനലില്‍ മണിപ്പൂരിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്താണ് ബംഗാള്‍ ഫൈനലില്‍ എത്തിയത്.
തിങ്കളാഴ്ച രാത്രി എട്ടുമണിക്കാണ് ഫൈനല്‍ മത്സരം.
33ാം ഫൈനല്‍ പ്രവേശത്തിനായി മണിപ്പൂരിനെതിരെ ബംഗാള്‍ അതിശക്തമായ കളിയാണ് പുറത്തെടുത്ത്. സുര്‍ജിത് സിങാണ് ബംഗാളിനായി ആദ്യ ഗോള്‍ നേടിയത്. കളി തുടങ്ങി രണ്ടാം മിനിറ്റിലായിരുന്നു ബംഗാളിന്റെ മനോഹരമായ ഗോള്‍ പിറന്നത്. ആദ്യഗോള്‍ നേടി നിമിഷങ്ങള്‍ക്കകം രണ്ടാം ഗോളും പിറന്നു. ഏഴാം മിനിറ്റില്‍ ഫര്ദീനലി മൊല്ലയാണ് ലക്ഷ്യം കണ്ടത്.
ഗോള്‍ തിരിച്ചടിക്കാന്‍ നിരവധി ശ്രമം നടത്തിയെങ്കിലും ലക്ഷ്യത്തിലെത്തിക്കാന്‍ മണിപ്പൂരിന് കഴിഞ്ഞില്ല. രണ്ടാം പകുതിയുടെ 73ാം മിനിറ്റില്‍ ബംഗാള്‍ മൂന്നാമത്തെ ഗോള്‍ നേടി. ദിലീപ് ഒറാവനാണ് ഇത്തവണ വല ചലിപ്പിച്ചത്.
കേരളവും ബംഗാളും നാലാം തവണയാണ് സന്തോഷ് ട്രോഫി ഫൈനലില്‍ ഏറ്റുമുട്ടുന്നത്.