ആർഭാടം കാട്ടിയാൽ ‘ഓപ്പറേഷൻ ആൽഫ’ യിൽ കുടുങ്ങും

നീണ്ട ഇടവേളയ്ക്കു ശേഷം ഗതാഗത പരിശോധനയ്ക്കിറങ്ങിയ മോട്ടർ വാഹന വകുപ്പ് സ്ക്വാഡുകൾ 233 വാഹനങ്ങൾക്കെതിരെ നടപടിയെടുത്തു. ‘ഓപ്പറേഷൻ ആൽഫ’ എന്ന പേരിൽ നടത്തിയ പരിശോധനയിൽ വാഹനങ്ങളിലെ ആർഭാട വെളിച്ചവും അനധികൃത രൂപമാറ്റവുമാണ് പിടികൂടിയത്. 4,87,200 രൂപ പിഴ ഇനത്തിൽ ലഭിച്ചു.

കാഴ്ചയെ പ്രതികൂലമായി ബാധിക്കും വിധമായിരുന്നു പല വാഹനങ്ങളിലെയും വെളിച്ച സംവിധാനം. ലേസർ, എൽഇഡി, ഹൈ വോൾട്ടേജ് ലൈറ്റുകളും കാതടപ്പിക്കുന്ന ശബ്ദ സംവിധാനങ്ങളുമായി ടൂറിസ്റ്റ് ബസുകളും കുരുക്കിലായി. ചില ബസുകളുടെ ഉൾഭാഗം കളർ രശ്മികൾ നിറച്ചു ആർഭാട ഹോട്ടലുകളിലെ ആഘോഷ മുറികൾക്കു സമാനമായിരുന്നു.

ഹെഡ് ലൈറ്റിനു പുറമേ വാഹനങ്ങളുടെ മുൻവശം മുകളിലായി ഹെവി ലൈറ്റുകൾ ഘടിപ്പിച്ച വാഹനങ്ങളും പിടിയിലായി. ദേശീയ പാത അടക്കം പ്രധാന റോഡുകളിലെല്ലാം പ്രത്യേക സ്ക്വാഡുകൾ രാത്രിയിൽ നിലയുറപ്പിച്ചാണ് പരിശോധന നടത്തിയത്.

എക്സ്ട്രാ ലൈറ്റുകൾ വാഹനങ്ങളിൽ പാടില്ലെന്നാണ് ട്രാൻസ്പോർട്ട് കമ്മിഷണറുടെ നിർദേശം. ഇതല്ലാത്ത എല്ലാ ലൈറ്റുകളും അനധികൃതമാണെന്നു മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. അംഗീകൃത മാനദണ്ഡപ്രകാരമുള്ള ലൈറ്റുകളാണ് നിർമാണ വേളയിൽ വാഹനങ്ങളിൽ ഘടിപ്പിക്കുന്നത്.

എക്സ്ട്രാ ലൈറ്റുകളുമായി പിടികൂടിയ വാഹനങ്ങളിൽ നിന്നു പിഴ ഈടാക്കിയതിനു പുറമേ അവ അഴിച്ചു മാറ്റി ആർടി ഓഫിസിൽ ഹാജരാക്കാൻ നിർദേശിച്ചിട്ടുണ്ട്.

രൂപമാറ്റം വ്യാപകം

നിയമവിധേയമല്ലാത്ത സൈലൻസറുകൾ, ഹാന്റി‌ൽ, മഡ്ഗാഡ്, സ്റ്റിക്കർ തുടങ്ങിയവ ഘടിപ്പിച്ച ബൈക്കുകളും പരിശോധനയിൽ പിടിയിലായി. സൂപ്പർ ബൈക്കുകളും രൂപമാറ്റം നടത്തിയ സാധാരണ ബൈക്കുകളും വൻ ശബ്ദത്തോടെ ചീറിപായുന്നതിനിടെയാണ് കുടുങ്ങിയത്.കോവിഡ് നിയന്ത്രണങ്ങൾ നീങ്ങിയതോടെയാണ് ഇരുചക്ര വാഹനങ്ങളിൽ രാത്രി സഞ്ചാരികളുടെ എണ്ണം കൂടിയത്.

ബൈക്കുകൾ ഫ്രീക്കൻ രൂപത്തിലാക്കാനുള്ള അനധികൃത സാമഗ്രികൾ വിൽപന നടത്തുന്ന സ്പെയർ പാർട്സ് കടകൾക്കെതിരെ നടപടിയെടുക്കുന്ന കാര്യം ആലോചനയിലുണ്ട്. ഷോപ്പ് ആക്ടിന്റെ പരിധിയിൽ വരുന്ന കടകളിൽ മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്കു പരിശോധന നടത്തുന്നതിനു പരിമിതി ഉള്ളതിനാൽ ഇതര വകുപ്പുകളുമായി ചേർന്നു നടപടി കൈക്കൊള്ളാനാണ് ആലോചന.

 

Mediawings:

spot_img

Related Articles

Latest news