കാസര്‍കോട്ടെ പ്രവാസിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

കാസര്‍കോട്: പുത്തിഗെ മുഗു റോഡ് സ്വദേശി അബൂബക്കര്‍ സിദ്ദിഖിന്റെ മരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഡോളര്‍ കടത്തുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അബൂബക്കര്‍ സിദ്ദിഖിന്റെ കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് സൂചന. ഞായറാഴ്ചയാണ് അബൂബക്കര്‍ സിദ്ദിഖ് കൊല്ലപ്പെട്ടത്. മരിച്ച സിദ്ദിഖിന്റെ സഹോദരന്‍ അന്‍വറിനേയും സുഹൃത്ത് അന്‍സാരിയേയും ഒരു സംഘം ആളുകള്‍ തട്ടിക്കൊണ്ട് പോവുകയും ചെയ്തിരുന്നു.

പൈവളിക സ്വദേശികളായ എട്ട് പേരാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന. രണ്ട് പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. സിദ്ദിഖിന്റെ ശരീരത്തില്‍ ക്രൂരമായി മര്‍ദ്ദനമേറ്റതിന്റെ പാടുകളുണ്ട്.

സഹോദരനേയും സുഹൃത്തിനെയും കസ്റ്റഡിയില്‍ വെച്ച് ഭീഷണിപ്പെടുത്തിയാണ് പ്രതികള്‍ അബൂബക്കര്‍ സിദ്ദിഖിനെ നാട്ടിലെത്തിച്ചത്. സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് സിദ്ദിഖിനെ സംഘം കാറില്‍ കയറ്റി കൊണ്ടുപോയി അതിക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.

ഗുരുതരമായി പരുക്കേറ്റ സിദ്ദിഖിനെ നാട്ടില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.സിദ്ദിഖിന്റെ സഹോദരനും ക്രൂരമായ മര്‍ദ്ദനമേറ്റിട്ടുണ്ട്. അക്രമി സംഘം ഇയാളെ ആശുപത്രിയില്‍ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.

സഹോദരന്‍ ഇപ്പോള്‍ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുമ്പഴ പോലീസ് മംഗളൂരുവിലെത്തി അന്‍വറിന്റെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.

അതേസമയം സിദ്ദിഖിന്റെ സുഹൃത്ത് അന്‍സാരി എവിടെയാണെന്ന് ഇപ്പോഴും വ്യക്തമല്ല. സിദ്ദീഖിനെ കൊണ്ടുവന്ന വാഹനവും സി.സി.ടി.വിയില്‍ വ്യക്തമായിട്ടുണ്ട്. സിദ്ദീഖിനെ വിളിച്ച ഫോണ്‍ നമ്പറുകളും പോലീസ് പരിശോധിച്ചുവരികയാണ്.

 

www.mediawings.in

spot_img

Related Articles

Latest news