കഴിഞ്ഞ വര്‍ഷം അറസ്റ്റിലായത് 8000ത്തിലേറെ പേര്‍
ദുബായ്: യുഎഇയില്‍ മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസുകള്‍ വര്‍ധിച്ചുവരുന്നതായി കണക്കുകള്‍. മയക്കുമരുന്നുമായി ബന്ധപ്പെട്ട വിവിധ കുറ്റകൃത്യങ്ങളുടെ പേരില്‍ 2021ല്‍ മാത്രം രാജ്യത്ത് 8,428 പേര്‍ പിടിയിലായതായി ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കി. 2020ല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളെക്കാള്‍ 20.8 ശതമാനം കൂടുതലാണ് കഴിഞ്ഞ വര്‍ഷം രേഖപ്പെടുത്തിയിരിക്കുന്നത്.
2020ല്‍ ഈ കുറ്റകൃത്യങ്ങളില്‍ 6,973 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തതെന്ന് ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള ഫെഡറല്‍ ആന്റി നാര്‍ക്കോട്ടിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കി. 2021ല്‍ മയക്കുമരുന്നുമായി ബന്ധപ്പെട്ട 5,677 കേസുകള്‍ ഉദ്യോഗസ്ഥര്‍ കൈകാര്യം ചെയ്തപ്പോള്‍ 4,810 കേസുകള്‍ മാത്രമായിരുന്നു 2020ല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്നും അധികൃതര്‍ അറിയിച്ചു.
ഇതുപ്രകാരം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന മയക്കുമരുന്ന് കേസുകളുടെ എണ്ണത്തിലും 18 ശതമാനത്തിന്റെ വര്‍ധനവുണ്ടായി. അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ചാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ ബന്ധപ്പെട്ടവര്‍ പുറത്തുവിട്ടത്. ജനങ്ങളുടെ ആരോഗ്യത്തിനും, സാമൂഹിക-സാമ്പത്തിക സുരക്ഷയ്ക്കും മയക്കുമരുന്ന് വലിയ ഭീഷണിയാണെന്നും രാജ്യത്തിന്റെ ഭാവിയെ തന്നെ നശിപ്പിക്കുന്ന ഈ വിപത്തില്‍ നിന്ന് കുട്ടികളെ രക്ഷിക്കാന്‍ വലിയ ശ്രമങ്ങള്‍ ആവശ്യമാണ്.
ലോകം നേരിടുന്ന ഏറ്റവും പ്രധാനപ്പെട്ട സുരക്ഷാ വെല്ലുവിളികളിലൊന്നാണ് മയക്കുമരുന്ന് കടത്തെന്ന് ദുബായ് പൊലീസ് ആന്‍ഡ് പബ്ലിക് സെക്യൂരിറ്റി ഡെപ്യൂട്ടി തലവനും നാഷണല്‍ ആന്റി നാര്‍ക്കോട്ടിക് കൗണ്‍സില്‍ ചെയര്‍മാനുമായ ലെഫ്റ്റനന്റ് ജനറല്‍ ദഹി ഖല്‍ഫാന്‍ തമീം പറഞ്ഞു. എന്നാല്‍ ഈ വെല്ലുവിളിയെ നേരിടാന്‍ ശക്തമായ സംവിധാനങ്ങളാണ് യോജിച്ച പ്രവര്‍ത്തനങ്ങളിലൂടെ യുഎഇ സുരക്ഷാ ഏജന്‍സികള്‍ ഒരുക്കിയിരിക്കുന്നത്.
മയക്കുമരുന്ന് വ്യാപാരികളുടെയും കള്ളകടത്തുകാരുടെയും പ്രത്യേക രീതികള്‍ കണ്ടെത്താന്‍ നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള സംവിധാനങ്ങല്‍ ഒരുക്കിയതായും അദ്ദേഹം പറഞ്ഞു.
By..Amaal Mariam
www.mediawings.in