കൊല്ലം: കനത്ത മഴയില്‍ മൂവാറ്റുപുഴ-പുനലൂര്‍ സംസ്ഥാന പാതയുടെ സംരക്ഷണഭിത്തി ഇടിഞ്ഞു താണു. കൊല്ലം പുനലൂര്‍ നെല്ലിപ്പള്ളിയിലെ ഗാബിയന്‍ ഭിത്തിയാണ് കല്ലടയാറ്റിലേക്ക് തകര്‍ന്നു വീണത്. മൂവാറ്റുപുഴ പുനലൂർ സംസ്ഥാന ഹൈവേയിൽ പുനർനിർമാണം പുരോഗമിക്കുന്ന കോന്നി–പുനലൂർ റീച്ചിലാണ് കനത്ത മഴ നഷ്ടമുണ്ടാക്കിയത്.
കല്ലടയാറുമായി അതിർത്തി പങ്കിടുന്ന പുനലൂര്‍ നെല്ലിപ്പള്ളി ഭാഗത്ത് ഗാബിയന്‍ രീതിയില്‍ ഏകദേശം നൂറു മീറ്റര്‍ നീളത്തില്‍ നിര്‍മിച്ച സംരക്ഷണഭിത്തിയാണ് തകര്‍ന്നു വീണത്. കല്ലടയാറ്റിൽ ജലനിരപ്പ് ഉയരുമ്പോൾ സംസ്ഥാന പാതയിലേക്ക് വെള്ളം കയറാതിരിക്കാനാണ് കൂറ്റന്‍ ഗാബിയന്‍ ഭിത്തി നിര്‍മിച്ചിരുന്നത്.
പ്രത്യേകം നിർമിച്ച ഇരുമ്പ് വലയിൽ ചതുരാകൃതിയിൽ കരിങ്കല്ലുകൾ അടുക്കി നിർമിക്കുന്നതാണ് ഗാബിയൻ ഭിത്തി. നിര്‍മാണത്തിലെ പിഴവാണ് ലക്ഷങ്ങളുടെ നഷ്ടത്തിന് കാരണമെന്നാണ് ആരോപണം. പുനലൂരിൽ നെല്ലിപ്പള്ളിക്കും ടിബി ജംഗ്ഷനും മധ്യേ മൂന്നിടത്താണ് കെഎസ്ടിപി ഗാബിയന്‍ ഭിത്തി നിര്‍മിച്ചത്. 1992 ൽ കല്ലടയാർ കരകവിഞ്ഞ് ഒഴുകിയപ്പോൾ ഈ ഭാഗങ്ങളിൽ വെള്ളം കയറിയിരുന്നു.
By..Amaal Mariam
www.mediawings.in