ദുബൈ : ഷാർജയിലും ഫുജൈറയിലുമുണ്ടായ പ്രളയത്തിൽ പാസ്പോർട്ട് നഷ്ടപ്പെട്ട ഇന്ത്യക്കാർക്ക് പകരം പാസ്പോർട്ടിന് അപേക്ഷിക്കാൻ സൗകര്യമേർപ്പെടുത്തി ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റ് . പ്രളയബാധിത പ്രദേശങ്ങളിൽ ഞായറാഴ്ചകളിൽ നടക്കുന്ന ക്യാമ്പുകൾ വഴിയാണ് സൗജന്യമായി അപേക്ഷ സ്വീകരിക്കുന്നത് . ഞായറാഴ്ച കൽബയിലും ഫുജൈറയിലും നടന്ന ക്യാമ്പുകളിൽ 80 പേരുടെ അപേക്ഷ ലഭിച്ചതായി പാസ്പോർട്ട് , അറ്റസ്റ്റേഷൻ ആൻഡ് എജുക്കേഷൻ കോൺസുൽ രാംകുമാർ തങ്കരാജ് പറഞ്ഞു . ആഗസ്റ്റ് 28 വരെയാണ് അപേക്ഷിക്കാവുന്നത് . പൊലീസിൻറെ എഫ്.ഐ.ആറും ( ഇംഗ്ലീഷ് ലീഗൽ ട്രാൻസ്ലേഷൻ ) പാസ്പോർട്ടിൻറെ പകർപ്പും ഫോട്ടോയും സമർപ്പിക്കണം . പ്രവാസിസംഘടനകളുടെ ആവശ്യം മുഖവിലക്കെടുത്താണ് കോൺസുലേറ്റ് ഇത്തരമൊരു ക്യാമ്പ് സംഘടിക്കുന്നത് . ബി.എൽ.എസ് സെൻററുകളുടെ നേതൃത്വത്തിലാണ് ക്യാമ്പ് .
കഴിഞ്ഞമാസമുണ്ടായ അപ്രതീക്ഷിത പ്രളയത്തിൽ നൂറുകണക്കിനാളുകളാണ് പെരുവഴിയിലായത് . ഇവരുടെ ജീവിതോപാധികൾക്ക് പുറമെ പാസ്പോർട്ട് അടക്കമുള്ള രേഖകൾ നഷ്ടപ്പെട്ടിരുന്നു . നാട്ടിലെ സ്ഥലത്തിൻറെ ആധാരം പോലും നഷ്ടപ്പെട്ടവരുണ്ട് . ഇതോടെ , കെ.എം.സി.സിയും ഇന്ത്യൻ അസോസിയേഷനുകളും അടക്കമുള്ള സംഘടനകൾ കോൺസുലേറ്റിലെത്തി അടിയന്തര സൗകര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു . പലർക്കും പാസ്പോർട്ടിൻറെ പകർപ്പുകൾ പോലുമില്ലാത്ത അവസ്ഥയിലാണ് . നാട്ടിൽ വിളിച്ച് പഴയ പകർപ്പുകൾ അന്വേഷിക്കുകയാണിവർ . ഇതിൽ നല്ലൊരു ശതമാനവും മലയാളികളാണ് . കുടുംബാംഗങ്ങളുടെ ഒന്നടങ്കം പാസ്പോർട്ട് നഷ്ടമായ സംഭവങ്ങളുമുണ്ട് . ഇന്ത്യക്ക് പുറമെ പാകിസ്താൻ , ഫിലിപ്പീൻ കോൺസുലേറ്റുകളും പ്രളയബാധിതരുടെ പാസ്പോർട്ട് അപേക്ഷ സ്വീകരിക്കുന്നുണ്ട് .