പട്ന: മഹാസഖ്യത്തിന്റെ ഭാഗമായതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ഒളിയമ്പുമായി ബിഹാർ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാർ. ബിഹാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെയാണ് പരോക്ഷ വിമർശനവുമായി നിതീഷ് രംഗത്തെത്തിയത്. 2014 ൽ അധികാരത്തിൽ എത്തിയവർ 2024 ൽ വിജയിക്കുമോ എന്നായിരുന്നു നിതീഷിൻ്റെ ചോദ്യം. 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിനെ പ്രതിപക്ഷം സംയുക്തമായി നേരിടണമെന്നും നിതീഷ് ആവശ്യപ്പെട്ടു. എന്നാൽ 2024 ൽ പ്രതിപക്ഷത്തിൻ്റെ പ്രധാനമന്ത്രി സ്ഥാനാർഥിയാകുമെന്ന അഭ്യൂഹങ്ങൾ അദ്ദേഹം തള്ളി.2014 ൽ അധികാരത്തിൽ എത്തിയവർ 2024 ൽ വിജയിക്കുമോ?. 2024 ൽ പ്രതിപക്ഷം ഒന്നിക്കണമെന്ന് താൻ ആഗ്രഹിക്കുന്നു. പ്രധാനമന്ത്രി സ്ഥാനാർഥിയായി താൻ മത്സരിക്കില്ലെന്നും നിതീഷ് കുമാർ പറഞ്ഞു. ബിജെപിയുമായുള്ള ബന്ധം ഉപേക്ഷിക്കാൻ പാർട്ടി സംയുക്തമായാണ് തീരുമാനമെടുത്തത്. കഴിഞ്ഞ തെരഞ്ഞെടുപ്പിനുശേഷം മുഖ്യമന്ത്രിയാകാൻ താൻ ആഗ്രഹിച്ചിരുന്നില്ല. മുഖ്യമന്ത്രി പദം ഏറ്റെടുക്കാൻ സമ്മർദം ഉണ്ടായി. ചർച്ചകൾക്കു ശേഷമാണ് മഹാസഖ്യ സർക്കാരിൻ്റെ മുഖ്യമന്ത്രിയാകാനുള്ള തീരുമാനമെടുത്തതെന്നും നിതീഷ് കുമാർ പറഞ്ഞു.അതേസമയം ബിഹാർ മുഖ്യമന്ത്രിയായി നിതീഷ് കുമാറും ഉപമുഖ്യമന്ത്രിയായി ആർജെഡി നേതാവ് തേജസ്വി യാദവും സത്യപ്രതിജ്ഞ ചെയ്തു. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്കായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്. 2017 മുതലുളള എൻഡിഎ ബന്ധം ഉപേക്ഷിച്ചാണ് നിതീഷ് കുമാർ വീണ്ടും ആർജെഡി, കോൺഗ്രസ് തുടങ്ങിയ കക്ഷികൾ ഉൾപ്പെടുന്ന മഹാസഖ്യവുമായി കൈകോർത്തത്. അതിനിടെ ജെഡിയു നേതാവ് ഒരിക്കലും പ്രധാനമന്ത്രിയാകില്ലെന്ന് കേന്ദ്രമന്ത്രി നിത്യാനന്ദ റായ് അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രി പദം നരേന്ദ്രമോദിക്കായി മാറ്റിവെച്ചിട്ടുള്ളതാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ ആകണമെന്നാണ് ജനത്തിൻ്റെ ആഗ്രഹം. മറ്റാരെയും അവർ അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
www.mediawings.in