ദമ്മാം: കോട്ടയം സ്വദേശിനിയായ സൗദാമിനി വിദ്യാർഥിനിയായ തന്റെ മകളെ പഠിപ്പിക്കാനും കുടുംബത്തിന് സ്ഥിര വരുമാനമില്ലാത്തതിനാൽ ജീവിത പ്രാരാബ്ധങ്ങളിൽ നിന്ന് കരകയറാനുമാണ് പ്രവാസിയായി സൗദിയിലെ റഹീമയിലെത്തുന്നത്. സ്വദേശിയുടെ വീട്ടിൽ 8 മാസം മുൻപ് വീട്ട് ജോലിക്കായ് എത്തിയതിന് ശേഷം കൊടിയ പീഢനങ്ങളാണ് അവർക്ക് അനുഭവിക്കേണ്ടി വന്നത്.
കറികൾ ഏതുമില്ലാത്ത വെറും ചോറാണ് അവർക്ക് ഭക്ഷണമായി ലഭിച്ചിരുന്നത്. മിക്കപ്പോഴും അതും ലഭിച്ചിരുന്നില്ല. പട്ടിണിയിരുന്ന് ജോലി ചെയ്തിരുന്ന അവർ രക്ഷപെടാൻ സഹായിക്കണമെന്ന് അഭ്യർത്ഥിച്ച് നവോദയ റഹീമ കുടുംബവേദി നേതാക്കളായ അഡ്വ: സുജ ജയൻ, ടോണി ആൻ്റണി എന്നിവരെ ബന്ധപ്പെടുകയായിരുന്നു. വിഷയത്തിൽ നവോദയ കേന്ദ്ര കുടുംബവേദി പ്രസിഡൻ്റും ലോക കേരള സഭാംഗവുമായ നന്ദിനി മോഹൻ, നവോദയ കേന്ദ്ര എക്സികുട്ടീവ് അംഗം ജയൻ മെഴുവേലി എന്നിവർ ഇടപെട്ടു. ആദ്യപോലീസ് ഇടപെടലിനെ തുടർന്ന് സ്പോൺസർ അവർക്ക് പുറം ലോകമായി ബന്ധപ്പെടാനുള്ള അവസരം നിഷേധിക്കുകയും, പുരുഷന്മാരടങ്ങുന്ന വീട്ടുകാർ ശാരീരികമായി ഉപദ്രവിക്കുകയും അതിൽ പരിക്കുകൾ പറ്റുകയും ചെയ്തു.
തുടർന്ന് നന്ദിനി മോഹൻ നോർക്ക റൂട്ട്സിലൂടെ ഇന്ത്യൻ എംബസ്സിക്ക് നല്കിയ രേഖാമൂലമായ പരാതിയുടെയും, നവോദയ സാമൂഹ്യ ക്ഷേമ വിഭാഗം ചെയർമാൻ ഹനീഫ മൂവാറ്റു പുഴയുടെയും കൺവീനർ ഉണ്ണികൃഷ്ണന്റെയും ഇടപെടലിന്റെയും അടിസ്ഥാനത്തിൽ സൗദാമിനിയെ നാട്ടിലെത്തിക്കുന്നതിന് എംബസ്സിയുടെ പ്രതിനിധിയായി ഇടപെടുന്നതിനുള്ള സമ്മതപത്രം ജയൻ മെഴുവേലിക്ക് നൽകി.
തുടർന്ന് റഹീമ പോലീസ് ഉന്നതാധികാരി പ്രശ്നത്തിൽ നേരിട്ട് ഇടപെടുകയും സ്പോൺസറിൽ നിന്ന് എക്സിറ്റ് വാങ്ങി നൽകുകയും ചെയ്തു. യാത്ര പിന്നെയും വൈകിക്കുവാൻ ശ്രമമുണ്ടായപ്പോൾ നവോദയ കേന്ദ്രകുടുംബവേദി സൗജന്യമായി വിമാനടിക്കറ്റ് നലകുകയും ദമ്മാമിൽ നിന്നും കൊളൊംബോ വഴിയുള്ള ശ്രീലങ്കൻ എയർലൈൻസിൽ ജയൻ മെഴുവേലിയുടെ നേതൃത്വത്തിൽ റഹീമ കുടുംബവേദി നേതാക്കളായ സുജ ജയൻ, ടോണി ആന്റണി എന്നിവർചേർന്ന് അവരെ യാത്രയാക്കി. നെടുമ്പാശ്ശേരിയിൽ അവരുടെ കുടുംബാംഗങ്ങളോടൊപ്പം നവോദയ കേന്ദ്ര വൈ: പ്രസിഡണ്ട് മോഹനൻ വെള്ളിനേഴി, നന്ദിനി മോഹൻ, കുടുംബവേദി, കേന്ദ്ര വൈ: പ്രസിഡണ്ട് ഷാഹിദ ഷാനവാസ് എന്നിവർചേർന്ന് അവരെ സ്വീകരിച്ചു.