അൽ ഖർജ് : ഇന്ത്യ മഹാരാജ്യത്തിന്റെ എഴുപത്തഞ്ചാമതു സ്വാതന്ത്ര്യ ദിനാഘോഷം അൽ ഖർജ് ടൗൺ കെഎംസിസി ആഘോഷിച്ചു. പ്രസിഡന്റ് അബ്ദുൽ ഹമീദ് കൊളത്തൂർ പതാക ഉയർത്തി. കച്ചവടത്തിനെന്ന വ്യാജേന സമ്പൽ സമൃദ്ധമായ ഭാരത ഭൂവിൽ നുഴഞ്ഞു കയറി രാജ്യത്തിന്റെ സമ്പത്തു കൊള്ളയടിക്കുകയും സ്വദേശികളെ അടിമകളാക്കുകയും ചെയ്ത സൂര്യനസ്തമിക്കാത്ത ബ്രിറ്റീഷ് സാമ്രാജ്യം ഒരു ജനതയുടെ ഇച്ഛ ശക്തിക്കു മുന്നിൽ മുട്ട് മടക്കിയ ദിനം അനുസ്മരിച്ചു.
സ്വാതന്ത്ര്യ സമരങ്ങളുടെ വിവിധ ഘട്ടങ്ങളിലൂടെ കടന്നു പോയപ്പോൾ ഈ മണ്ണിനു വേണ്ടി രക്തം ചൊരിഞ്ഞ ധീര ദേശാഭിമാനികളുടെ ഓർമ്മകൾ ഭാരതീയരുടെ കണ്ണുകളെ ഈറനണിയിച്ചു.നാം ഇന്നനുഭവിക്കുന്ന സ്വാതന്ത്ര്യത്തെ ഇല്ലായ്മ ചെയ്യാൻ ചില ശക്തികൾ ശ്രമിക്കുന്നുണ്ട്. രാജ്യത്തിനകത്തുതന്നെ ഈ സ്വാതന്ത്ര്യത്തിന്റെ അന്തസത്തയായ ജനാധിപത്യത്തെ കശാപ്പു ചെയ്യാനും ചിലർ ശ്രമിക്കുന്നു.
ഇനിയും പാരതന്ത്ര്യത്തിലേക്കു നാം നയിക്കപ്പെട്ടു കൂടാ. ഹിന്ദുവും മുസ്ലിമും ക്രിസ്ത്യനും മതമില്ലാത്തവനുമൊക്കെ തുല്യാവകാശത്തോടെ ഈ മണ്ണിന്റെ സ്വാതന്ത്ര്യത്തിന്റെ മധു നുകരേണ്ടതുണ്ട്. തോളോട് തോൾ ചേർന്ന് ഭാരതത്തിന്റെ അഭിവൃദ്ധിക്ക് വേണ്ടി യത്നിക്കാൻ നാം ഓരോരുത്തരും ഉത്സാഹിക്കണമെന്നും സ്വാതന്ത്ര്യ ദിന സന്ദേശത്തിൽ ജനറൽ സെക്രട്ടറി ഇക്ബാൽ അരീക്കാടൻ ഉണർത്തി. ഫസ്ലു ബീമാപ്പള്ളി ദേശീയ ഗാനം ആലപിച്ചു. തുടർന്ന് നടത്തിയ പായസ വിതരണത്തിൽ നൂറു കണക്കിനാളുകൾ പങ്കെടുത്തു.
യൂനുസ് മന്നാനി, സിദീഖ്അലി പാങ്, ഫൗസാദ് ലാക്കൽ, ഹമീദ് പാടൂർ, അമീർ വിപി, സമീർ പാറമ്മൽ, മുഖ്ത്താർഅലി,സലിം ചെർപ്പുളശ്ശേരി, നൂറുദിൻകൊളത്തൂർ,ബഷീർ ആനക്കയം, ഫൈസൽ ദാറുസ്സലാം, നൂറുദ്ധീൻ കളിയാട്ടമുക്ക്, ഇക്ബാൽ നാദാപുരം, സകീർ തലക്കുളത്തൂർ,ജാബിർ ഫൈസി, സാബിത് ചേളാരി, ഫൈസൽ ആനക്കയം, നൗഷാദ് സാറ്റെക്സ്, സമീർ ആലുവ തുടങ്ങിയവർ സ്വാതന്ത്ര്യ ദിനാശംസകൾ നേർന്നു.