റിയാദ് : സ്വാതന്ത്ര്യം തന്നെ ജീവിതം എന്ന പ്രമേയത്തിൽ, ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ റിയാദ് സെൻട്രലിന്റെ കീഴിൽ വിപുലമായ സ്വാതന്ത്ര്യ ദിനാഘോഷം നടത്തി. ഐ സി എഫ് സെൻട്രൽ പ്രൊവിൻസ് ക്ഷേമകാര്യ സർവീസ് സെക്രട്ടറി സൈനുദ്ധീൻ കുനിയിൽ ഉദ്ഘടാനം ചെയ്തു. വിവിധ മതക്കാരും രാഷ്ട്രീയ ചിന്താഗതിക്കാരും സാമൂഹിക പ്രവർത്തകരും ഒത്തൊരുമിച്ചു പോരാടിയതിന്റെ ഫലമാണ് ഇന്ത്യൻ സ്വാതന്ത്ര്യമെന്ന് അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യ
സമരത്തിൽ പങ്കാളിത്തമില്ലാതിരുന്നിട്ടും, സ്വാതന്ത്ര്യ സമര കാലത്ത് മറ്റൊന്തിന്റെയോ പേരിൽ ജയിലിലടക്കപ്പെട്ട പലരെയും സ്വാതന്ത്ര്യ സമര പോരാളികളായി ചിത്രീകരിക്കപ്പെടുന്ന ഈ ദുഷിച്ച കാലഘട്ടത്തിൽ ആസാദി മുദ്രാവാക്യങ്ങൾ വിളിക്കാൻ തയ്യാറാകുന്ന ഇന്ത്യൻ യുവത്വത്തിൽ വലിയ പ്രതീക്ഷകൾ ഉണ്ടെന്നും ഇന്ത്യൻ നിയമ വ്യവസ്ഥയുടെ അകത്ത് നിന്ന് ആവും വിധത്തിൽ എല്ലാ നെറികേടുകളോടും പ്രതിഷേധിക്കുകയും തിരുത്തിക്കുകയും വേണമെന്ന് സൈനുദ്ധീൻ കുനിയിൽ ആവശ്യപ്പെട്ടു.
ഐ സി എഫ് റിയാദ് സെൻട്രൽ പ്രസിഡന്റ് മുഹമ്മദ് കുട്ടി സഖാഫി ഒളമതിൽ സ്വാതന്ത്ര്യ ദിന പ്രഭാഷണം നടത്തി. ഇന്ത്യയുടെ ഭരണ ഘടന രാജ്യത്തെ ജനങ്ങൾക്ക് സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ നീതി, ചിന്താ സ്വാതന്ത്ര്യം, ആശയ സ്വാതന്ത്ര്യം, സ്ഥിതി സമത്വം , അവസ്ഥാ സമത്വം എന്നിവ ഉറപ്പുവരുത്തുന്നതായിരുന്നിട്ട് പോലും, എന്ത് ഭക്ഷണം കഴിക്കണമെന്ന കൽപനകൾ പുറപ്പെടുവിക്കുന്ന ഭരണകൂടങ്ങളാണ് നമ്മെ ഭരിക്കുന്നതെന്നും അവനവനായി ജീവിക്കാൻ കഴിയുക എന്നതാണ് യഥാർത്ഥ സ്വാതന്ത്ര്യമെന്നും അദ്ദേഹം പറഞ്ഞു.
ഷാഫി മാസ്റ്റർ ( കെ എം സി സി ) സുബ്രമണ്യൻ ( കേളി ) വിൻസെന്റ് കെ ജോർജ്(ഒ ഐ സി സി)
നാസർ ലൈസ്(വേൾഡ് മലയാളി ഫെഡറേഷൻ),
അബ്ദുല്ല സഖാഫി ഓങ്ങല്ലൂർ ( ഐ സി എഫ് ദാഈ) അഷ്റഫ് ഓച്ചിറ ( ഐ സി എഫ് സെൻട്രൽ പ്രൊവിൻസ് ) സലീം പട്ടുവം ( ആർ എസ് സി) എന്നിവർ ആശംസകൾ നേർന്നു. റിയാദ് സെൻട്രൽ ക്ഷേമകാര്യ സേവന വിഭാഗം സെക്രട്ടറി ജബ്ബാർ കുനിയിൽ പ്രതിജ്ഞ ചെല്ലി കൊടുത്തു.
വിവിധ ലക്ഷ്യങ്ങൾക്കുള്ള ഫണ്ടുകൾ സേവന വിഭാഗം പ്രസിഡന്റ് ഇബ്രാഹിം കരീം സെക്ടർ ഭാരവാഹികൾക്ക് കൈമാറി.
റിയാദ് സെൻട്രൽ അഡ്മിൻ ആൻറ് പബ്ലിക് റിലേഷൻ പ്രസിഡന്റ് ഹസൈനാർ മുസ്ല്യാർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മജീദ് താനാളൂർ സ്വാഗതവും അഡ്മിൻ ആൻറ് പബ്ലിക് റിലേഷൻ ലത്തീഫ് മാനിപ്പുറം നന്ദിയും പറഞ്ഞു.
അബ്ദുൽഖാദർ ഫൈസി കൊളത്തൂർ
പ്രാർത്ഥന നടത്തി. നൂറുദ്ധീൻ സഖാഫി ദേശീയ ഗാനം ആലപിച്ചു.