നവോദയയുടെ പതിമൂന്നാം വാർഷികദിനവും സഖാക്കളുടെ സഖാവ് എന്നറിയപ്പെടുന്ന കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യത്തെ സെക്രട്ടറിയുമായിരുന്ന പി കൃഷ്ണപിള്ളയുടെ അനുസ്മരണവും നവോദയ സംഘടിപ്പിച്ചു. യോഗം കുമ്മിൾ സുധീർ ഉദ്‌ഘാടനം ചെയ്തു. പി കൃഷ്ണപിള്ളയുടെ ജീവചരിത്രം ഒരേ സമയം കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രവും തിരുവിതാംകൂറിന്റെയും മലബാറിന്റെയും സ്വാതന്ത്ര്യസമരചരിത്രം കൂടിയാണെന്ന് സുധീർ ഓർമ്മിപ്പിച്ചു. കോൺഗ്രസ്സും കമ്മ്യൂണിസ്റ്റ് പാർട്ടിയും അടക്കം നിരവധി പ്രസ്ഥാനങ്ങളുടേയും കർഷക-തൊഴിലാളി-വിദ്യാർത്ഥി സംഘടനകളുടേയും നിരന്തര സമരത്തിന്റെ ഫലമായിരുന്നു ഇന്ത്യൻ സ്വാതന്ത്ര്യം. എന്നാൽ അതിൽ ഒരു പങ്കും വഹിക്കാത്ത സംഘ് പരിവാർ രാജ്യത്തെ ഒറ്റിക്കൊടുത്ത വി ഡി സവർക്കറെ മുൻനിർത്തി ചരിത്രത്തെ വളച്ചൊടിക്കുകയാണെന്ന് സുധീർ കുറ്റപ്പെടുത്തി. സംഘ്പരിവാർ ഭരണത്തിൽ രാജ്യം പിന്നോട്ട് സഞ്ചരിക്കുകയാണ്. പട്ടിണിയിൽ, തൊഴിലില്ലായ്മയിൽ, മനുഷ്യാവകാശ ലംഘനത്തിൽ, വിശ്വാസ സ്വാതന്ത്ര്യത്തിൽ ഒക്കെ ഇന്ത്യ ലോകരാജ്യങ്ങൾക്കുമുന്നിൽ നാണം കെട്ടിരിക്കുകയാണ്. അഭിപ്രായ സ്വാതന്ത്ര്യവും മാധ്യമ സ്വാതന്ത്ര്യവും ഹനിക്കുകയും ജുഡീഷ്യറിയുടെ വിശ്വാസ്യതപോലും തകർക്കപ്പെട്ട നാളുകളിലൂടെയാണ് നാം കടന്നുപോകുന്നത്. ഫാസിസ്റ്റ് ആശയങ്ങളിൽനിന്നും രാജ്യത്തെ രക്ഷിക്കാൻ കൃഷ്ണപിള്ളയുടെ ജീവചരിത്രം പാഠമാകണമെന്ന് ഉദ്‌ഘാടകൻ ഓർമ്മിപ്പിച്ചു. ഉപ്പ് സത്യാഗ്രത്തിലും ഗുരുവായൂർ സമരത്തിലും പങ്കെടുത്ത പി കൃഷ്ണപിള്ള സാമൂഹ്യ അനാചാരങ്ങൾക്കെതിരെ നടത്തിയ പോരാട്ടങ്ങളും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കാൻ അനുഭവിച്ച പീഢനങ്ങളും യോഗത്തിൽ ഷൈജു ചെമ്പൂര് വിവരിച്ചു.
13 വർഷമായി റിയാദിലെ ഇടതുപക്ഷത്തിന്റെ ശബ്ദവും മുഖവുമാകാൻ നവോദയക്ക് കഴിഞ്ഞിട്ടുണ്ട്. ജീവകാരുണ്യ രംഗത്തും കലാ കായിക രംഗത്തും നവോദയയുടെ കഴിഞ്ഞകാല പ്രവർത്തനങ്ങൾ സെക്രട്ടറി രവീന്ദ്രൻ പയ്യന്നൂർ ചൂണ്ടിക്കാട്ടി. യോഗത്തിൽ പൂക്കോയ തങ്ങൾ അധ്യക്ഷത വഹിച്ചു. സെക്രട്ടറി രവീന്ദ്രൻ പയ്യന്നൂർ സ്വാഗതവും ഷൈജു ചെമ്പൂര് കൃഷ്ണപിള്ള അനുസരണവും നടത്തി. നൗഷാദ് അനുശോചന പ്രമേയം അവതരിപ്പിച്ചു. ഇബ്രാഹിം, ബാബുജി, അയൂബ് കരൂപ്പടന്ന എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. മിഥുൻ നന്ദി പറഞ്ഞു.
ഫോട്ടോ1 : നവോദയ സെക്രട്ടറി രവീന്ദ്രൻ പയ്യന്നൂർ P.കൃഷ്ണപിള്ളയെ അനുസ്മരിക്കുന്നു.
ഫോട്ടോ2 : കുമ്മിൾ സുധീർ നവോദയ ദിനം ഉദ്‌ഘാടനം ചെയ്യുന്നു.