മട്ടന്നൂർ : തെരഞ്ഞെടുപ്പ് രംഗത്തെ സംഘർഷങ്ങളും പ്രശ്നങ്ങളും വാർത്തയാകുന്ന കാലത്ത് മേറ്റടിയിൽ നിന്ന് ഒരപൂർവ കാഴ്ച. തെരഞ്ഞെടുപ്പ് പ്രഖ്യാപനം മുതൽ വീറും വാശിയുമായി തെരഞ്ഞെടുപ്പിൽ മൂന്ന് മുന്നണികളും ഒപ്പത്തിനൊപ്പം മത്സരിച്ച വാർഡാണ് മേറ്റടി. പ്രചരണ തുടക്കം മുതൽ പോളിംഗ് തീരും വരെ ഒരു വാക്കു തർക്കം പോലുമില്ലാതെ എല്ലാ രാഷ്ട്രീയ പാർട്ടിയുടെയും പ്രവർത്തകർ സൗഹാർദ്ദപരമായി പ്രവർത്തിച്ച ഒരിടമാണ് മേറ്റടി. ഏറ്റവും ശക്തമായ ത്രികോണ മത്സരം നടന്നയിടം.
പോളിംഗ് 6 മണിക്ക് അവസാനിക്കുമ്പൊഴും എല്ലാ പാർട്ടിയുടെയും പ്രവർത്തകർ ബൂത്തിന് pപുറത്ത് ഒത്തുകൂടി. മൂന്ന് പാർട്ടിയുടെയും പ്രവർത്തകർ വെവ്വേറെ ഗ്രൂപ്പ് ഫോട്ടോ എടുക്കുമ്പോഴാണ് എല്ലാവരും ഒന്നിച്ച് ഫോട്ടോയെടുത്താലോ എന്ന ചർച്ച വന്നത്. സംഘർഷ സാധ്യതയാണോ എന്ന് കരുതി ഉദ്യോഗസ്ഥർ പിരിഞ്ഞു പോകാനാവശ്യപ്പെട്ടപ്പോൾ പാർട്ടി പ്രവർത്തകർ ബൂത്തിന് പുറത്ത് ഗ്രൂപ്പ് ഫോട്ടോ എടുക്കാൻ അനുവാദം ചോദിക്കുകയായിരുന്നു.
അപൂർവമായ ഈ ആവശ്യം പോലീസ് അംഗീകരിച്ചതിനെത്തുടർന്നാണ് മൂന്ന് രാഷ്ട്രീയ പാർട്ടികളുടെ സ്ഥാനാർത്ഥികളും പ്രവർത്തകരും ചേർന്ന് ഗ്രൂപ്പ് ഫോട്ടോക്ക് പോസ് ചെയ്തത്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും ഈ രംഗം ക്യാമറയിൽ പകർത്തി. ഒരു നാടിൻ്റെ ഒത്തൊരുമയുടെ പുതിയ സന്ദേശമായി.
Mediawings: