മലപ്പുറം: മഞ്ചേരി പന്തല്ലൂരിൽ ബസും ബൈക്കും കൂടിയിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് വിദ്യാർത്ഥികൾ മരിച്ചു. വള്ളുവങ്ങാട് പറമ്പൻ പൂള സ്വദേശി അമീൻ( 20) കീഴാറ്റൂർ സ്വദേശിയായ ഇഹ്സാൻ(17) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച്ച രാവിലെ 11 മണിയോടെയാണ് അപകടം നടന്നത്. പന്തല്ലൂർ ഭാഗത്ത് നിന്ന് വരികയായിരുന്ന സ്വകാര്യ ബസും പാണ്ടിക്കാട് ഭാഗത്ത് നിന്നു പന്തല്ലൂർ ഭാഗത്തേക്ക് പോവുകയായിരുന്ന വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന ബൈക്കും കൂടിയിടിച്ചാണ് അപകടം.
അപകടത്തിൽ മരിച്ച രണ്ട് പേരും പാണ്ടിക്കാട് അൻസാർ കോളേജിലെ വിദ്യാർത്ഥികളാണ്. അപകടകാരണം എന്താണെന്ന് പരിശോധിച്ച് വരികയാണ്. ഇടിയുടെ ആഘാതത്തിൽ ബൈക്ക് പൂർണമായും തകർന്നിട്ടുണ്ട്. മൃതദേഹങ്ങൾ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. ഇവിടെ നിന്ന് ഇൻക്വസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കി പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടു നൽകും.
അതേസമയം ജില്ലയിൽ വാഹനാപകടങ്ങളുടെ എണ്ണം വർദ്ധിച്ച് വരുന്നതായി അധികൃതർ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ദിവസം ചങ്ങരംകുളം മാന്തടത്ത് കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 2 പേർക്കാണ് ജീവൻ നഷ്ടമായത്. ഒതളൂർ സ്വദേശികളായ അഭിരാം, അശ്വിൻ എന്നിവരാണ് മരിച്ചത്. ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്ക് എതിരെ വന്ന കെഎസ്ആർടിസി ബസിലിടിച്ച് മറിയുകയായിരുന്നു. രണ്ടാഴ്ചയ്ക്കിടെ വിവിധ അപകടങ്ങളിൽ അഞ്ചിൽ അധികം ആളുകൾക്കാണ് ജീവൻ നഷ്ടമായത്. റോഡുകളുടെ അശാസ്ത്രീയമായ നിർമാണവും വാഹനങ്ങളുടെ അമിത വേഗതയുമാണ് പലപ്പോഴും അപകടങ്ങൾക്ക് കാരണമാകുന്നത്.