നാദാപുരം: തൂണേരി മുടവന്തേരിയില്‍ പ്രവാസി വ്യാപാരിയെ തട്ടിക്കൊണ്ടു പോയിട്ട് രണ്ടു ദിവസം പിന്നിട്ടിട്ടും കണ്ടെത്താന്‍ കഴിഞ്ഞില്ല. അന്വേഷണത്തിന് ജില്ല പൊലീസ് മേധാവി ഡോ.എ. ശ്രീനിവാസന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. മുടവന്തേരി സ്വദേശി മേക്കര താഴെകുനി എം.ടി.കെ. അഹമ്മദിനെയാണ്(53) ശനിയാഴ്ച പുലര്‍ച്ച കാറില്‍ തട്ടിക്കൊണ്ടു പോയത്.
ജില്ല പൊലീസ് സൂപ്രണ്ട് മുടവന്തേരിയിലെ അഹമ്മദിെന്റ വീട്ടിലെത്തി ഭാര്യയില്‍നിന്നും മക്കളില്‍നിന്നും വിവരങ്ങള്‍ ശേഖരിച്ചു. കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചുള്ള ക്വട്ടേഷന്‍ സംഘങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
തട്ടിക്കൊണ്ടു പോയവര്‍ പ്രഫഷനല്‍ സംഘമാണെന്ന് പൊലീസ് സൂപ്രണ്ട് പറഞ്ഞു. അഹമ്മദിന്റെ ഖത്തറിലുള്ള കമ്പനിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളും പൊലീസ് അന്വേഷിച്ച് വരുകയാണ്.
പണം തന്നാല്‍ അഹമ്മദിനെ വിട്ടയക്കാമെന്ന് ഖത്തറിലുള്ള സഹോദരന് കഴിഞ്ഞ ദിവസം ചിലര്‍ വാട്സ്ആപ് സന്ദേശം അയച്ചിട്ടുണ്ട്. വീട്ടുകാരോട് ഒരു കോടി മോചനദ്രവ്യം ആവശ്യപ്പെട്ടും സന്ദേശം ലഭിച്ചു.
തട്ടിക്കൊണ്ട് പോകലിന് പ്രാദേശിക സഹായം ലഭിച്ചിട്ടുണ്ടെന്ന നിഗമനത്തില്‍ ഈ വഴിക്കും പൊലീസ് അന്വേഷണം നടക്കുകയാണ്. കോവിഡ് ആയതിനാല്‍ പള്ളിയില്‍ പുലര്‍ച്ച നമസ്കാരത്തിന് അഹമ്മദ് രണ്ടു ദിവസമേ ആയിട്ടുള്ളൂ പോകാന്‍ തുടങ്ങിയിട്ട്.
ഇതുകൊണ്ടുതന്നെ അഹമ്മദിന്റെ യാത്രാ വിവരങ്ങള്‍ കൃത്യമായി അറിയാവുന്നവരുടെ സഹായം ലഭിച്ചിട്ടുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. അന്വേഷണത്തിന്റെ ഭാഗമായി ചിലരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരുകയാണ്.