തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ്റെ വീടിന് നേരെ കല്ലേറ്. ശനിയാഴ്ച രാത്രിയിലാണ് നെയ്യാറ്റിൻ കരയ്ക്കടുത്തുള്ള ആനാവൂരിലെ വീടിന് നേരെ ആക്രമണമുണ്ടായത്. ആക്രമണത്തിൽ വീടിൻ്റെ ജനൽ ചില്ലുകൾ തകർന്നു. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
ഒരു സംഘമാളുകൾ വാഹനത്തിലെത്തി കല്ലെറിയുകയായിരുന്നു. വീടിന് നേരെ ആക്രമണം നടക്കുമ്പോൾ ആനാവൂർ നാഗപ്പൻ വീട്ടിൽ ഉണ്ടായിരുന്നില്ല. കാർ പോർച്ചിൽ നിർത്തിയിട്ടിരുന്ന കാറിനും കേടുപാടുകൾ സംഭവിച്ചു.
ആക്രമണം ഉണ്ടാകുമ്പോൾ ആനാവൂർ നാഗപ്പൻ വീട്ടിൽ ഉണ്ടായിരുന്നില്ല. തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിലായിരുന്നു അദ്ദേഹം. സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ കല്ലേറുണ്ടായി 24 മണിക്കൂറിനകമാണ് ജില്ലാ സെക്രട്ടറിയുടെ വീടിന് നേരെ ആക്രമണം ഉണ്ടായത്.
വീടിന് നേരെയുണ്ടായ ആക്രമണം ആസൂത്രിതമെന്ന് ആനാവൂർ നാഗപ്പൻ പ്രതികരിച്ചു. പ്രകോപനം ഉണ്ടാക്കാനുള്ള ബോധപൂർവ ശ്രമമാണ് നടക്കുന്നത്. സമാധാനം തകർക്കാനുള്ള ബിജെപി ശ്രമമാണ് ഉണ്ടായതെന്നും അദ്ദേഹം ആരോപിച്ചു.
തിരുവനന്തപുരം വട്ടിയൂര്‍ക്കാവില്‍ സിപിഎമ്മിന്റെ കൊടിമരങ്ങള്‍ നശിപ്പിച്ച നിലയിലും കണ്ടെത്തി. മേലത്തുമേല ജംഗ്ഷനില്‍ സ്ഥാപിച്ച കൊടിമരങ്ങളാണ് നശിപ്പിച്ചത്. ഇന്നലെ പുലര്‍ച്ചെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ ആക്രമണമുണ്ടായിരുന്നു. ഇതിന് തുടര്‍ച്ചയായിട്ടാണ് വീണ്ടും ആക്രമണമുണ്ടായതെന്നാണ് പോലീസ് നല്‍കുന്ന സൂചന.
ജില്ലാ സെക്രട്ടറി ആനാവൂരിനെ വകവരുത്താനായിരുന്നു ശ്രമമാണ് ഉണ്ടായതെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ ആരോപിച്ചു. ജില്ലയിലെ സമാധാനന്തരീക്ഷം തകര്‍ക്കാനുള്ള നീക്കമാണ് ഉണ്ടായത്. പ്രകോപനം ഉണ്ടാക്കാനാണ് ബിജെപിയുടെ ശ്രമം. ആക്രമണങ്ങള്‍ ബിജെപിയുടെ മുതിര്‍ന്ന നേതാക്കളുടെ അറിവോടെയാണെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ കമ്മിറ്റി ഓഫീസ് ആക്രമണത്തിന്റെ തുടര്‍ച്ചയായാണ് ജില്ലാ സെക്രട്ടറിയുടെ വീട് ആക്രമിക്കപ്പെട്ടതെന്ന് ഇടതു മുന്നണി കണ്‍വീനര്‍ ഇ പി ജയരാജന്‍ പറഞ്ഞു. മുകളില്‍ നിന്ന് ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതാണ് ആക്രമണങ്ങളെന്നും ഇ പി ആരോപിച്ചു.
അതേസമയം, സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ കല്ലേറുണ്ടായ സംഭവത്തില്‍ മൂന്ന് എബിവിപി പ്രവര്‍ത്തകരെ കസറ്റഡിയിലെടുത്തു. ഇന്ന് രാവിലെ 5 മണിയോടെ ആശുപത്രിയില്‍ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. തമ്പാനൂര്‍ പോലീസ് സ്‌റ്റേഷനില്‍ എത്തിച്ച് പ്രതികളെ ചോദ്യം ചെയ്യുകയാണ്. സിപിഎം ഓഫീസ് ആക്രമണവുമായി ബന്ധപ്പെട്ട് മൂന്ന് പേരെക്കൂടി പിടികൂടാനുണ്ടെന്ന് പോലീസ് അറിയിച്ചു. സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് പ്രതികളെ തിരിച്ചറിഞ്ഞത്.