ലണ്ടന്‍: ഡയാന രാജകുമാരി ഉപയോഗിച്ചിരുന്ന കറുത്ത ഫോര്‍ഡ് എസ്‌കോര്‍ട്ട് ആര്‍ എസ് 2 ടര്‍ബോ കാര്‍ ലേലത്തില്‍ വിറ്റു. 650,000 ലക്ഷം പൌണ്ടിനാണ് (6,06,68,376.50 രൂപ) കാര്‍ ലേലത്തില്‍ പോയത്. ജൊനാതന്‍ ഹമ്പര്‍ട്ടിന്‍റെ ആഭിമുഖ്യത്തില്‍ നടന്ന ലേലത്തില്‍ പേര് വെളിപ്പെടുത്താത്ത ഒരു ബ്രിട്ടീഷുകാരനാണ് C462FHK എന്ന രജിസ്‌ട്രേഷനിലുള്ള ഡയാനയുടെ കാര്‍ സ്വന്തമാക്കിയത്.
ഡയാന രാജകുമാരി 1980കളിലാണ് ഈ കാര്‍ ഉപയോഗിച്ചിരുന്നത്. 85 മുതല്‍ 88 വരെയാണ് ഡയാന ഈ കാര്‍ ഉപയോഗിച്ചിരുന്നത്. വിവാഹത്തിന് ഒരു മാസത്തിന് മുന്‍പ് ചാള്‍സ് രാജകുമാരന്‍ ഡയാനയ്ക്ക് സമ്മാനിച്ചതാണ് സില്‍വര്‍ നിറത്തിലുള്ള ഫോര്‍ഡ് എസ്‌കോര്‍ട്ട് സെഡാന്‍. പിന്നീട് തന്റെ കാറിന് മികച്ച മേക്ക് ഓവര്‍ നല്‍കാന്‍ ഡയാന രാജകുമാരി ഫോര്‍ഡ് കമ്പനിയെ സമീപിക്കുകയായിരുന്നു. കാറിന്‍റെ ചുവപ്പ് നിറത്തിലുള്ള കണ്‍വേര്‍ട്ടബിള്‍ പതിപ്പ് ഫോര്‍ഡ് കമ്പനി രാജകുമാരിക്കായി നിര്‍മിച്ചുനല്‍കി. എന്നാല്‍ കടുംചുവപ്പ് നിറത്തിലുള്ള കാര്‍ രാജകുമാരിയുടെ സുരക്ഷയ്ക്ക് നല്ലതല്ലെന്ന വിദഗ്ധ ഉപദേശപ്രകാരം വീണ്ടും രൂപവും നിറവും മാറ്റുകയായിരുന്നു.
കൗതുകത്തിന്‍റെ പേരില്‍ ആഡംബര കാറുകള്‍ സ്വന്തമാക്കാന്‍ ഡയാന രാജകുമാരി താത്പര്യം കാണിച്ചിരുന്നെങ്കിലും വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് രാജകുമാരി ഫോര്‍ഡ് എസ്‌കോര്‍ട്ട് ആര്‍ എസ് 2 ടര്‍ബോ ആണ് ഉപയോഗിച്ചിരുന്നത്. സ്വന്തമായി ഡ്രൈവ് ചെയ്യാന്‍ ഇഷ്ടപ്പെട്ടിരുന്ന ഡയാന രാജകുമാരിക്കൊപ്പം മിക്ക സമയങ്ങളിലും ബോഡി ഗാര്‍ഡുകള്‍ മാത്രമാണ് ഉണ്ടാകാറുള്ളത്. 24,961 മൈലുകള്‍ മാത്രം ഉപയോഗിച്ചിട്ടുള്ള ഈ കാര്‍ ഇപ്പോഴും മികച്ച കണ്ടീഷനില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
വാഹനത്തിനായി വാശിയേറിയ ലേലം വിളി നടന്നതായി ക്ലാസിക് കാറുകളുടെ ലേലം സംഘടിപ്പിക്കുന്ന യുകെയിലെ പ്രശസ്‌ത ഓക്ഷന്‍ ഹൗസായ സിൽവർസ്റ്റോൺ ഓക്ഷന്‍സ് അറിയിച്ചു. ഒരു ലക്ഷം പൗണ്ടിന് ആരംഭിച്ച ലേലം വിളിയില്‍ ദുബായ് സ്വദേശിയും യുകെ സ്വദേശിയും തമ്മിലുള്ള മത്സരത്തിനൊടുവില്‍ യുകെ സ്വദേശി ലേലം ഉറപ്പിക്കുകയായിരുന്നു. ഡയാനയുടെ കാര്‍ സ്വന്തമാക്കിയ യുകെ സ്വദേശി വിൽപന വിലയ്ക്ക് പുറമേ 12.5 ശതമാനം ബയ്യേഴ്‌സ് പ്രീമിയം അടച്ചുവെന്ന് സിൽവർസ്റ്റോൺ ഓക്ഷന്‍സ് വെളിപ്പെടുത്തി. 2021 ജൂണിൽ ഡയാന രാജകുമാരി ഉപയോഗിച്ചിരുന്ന മറ്റൊരു ഫോർഡ് എസ്കോർട്ട് 52,000 പൗണ്ടിന് ലേലത്തിൽ വിറ്റിരുന്നു.