ഇൻസ്റ്റഗ്രാമിലും യൂട്യൂബിലും ലക്ഷക്കണക്കിന് ആരാധകരുള്ള ദമ്പതികളെ ഹണിട്രാപ്പ് തട്ടിപ്പിന് അറസ്റ്റ് ചെയ്തതിൻ്റെ ഞെട്ടലിലാണ് കേരളം. ഇരിങ്ങാലക്കുട സ്വദേശിയായ വ്യവസായിയെ പ്രണയം നടിച്ച് കുടുക്കി പണം തട്ടാനുള്ള സംഘത്തിൻ്റെ നീക്കം പൊളിഞ്ഞതോടെയാണ് ഫീനിക്സ് കപ്പിൾ പോലീസിൻ്റെ പിടിയിലായത്. ഇൻസ്റ്റഗ്രാം റീലുകളിൽ അടക്കം മാതൃകാ ദമ്പതികളായി സ്വയം അവതരിപ്പിച്ചിരുന്നവരാണ് ഹണിട്രാപ്പ് കേസിൽ പിടിയാലായത് എന്നതാണ് ശ്രദ്ധേയം. പ്രതികളായ ഗോകുൽ ദീപിൻ്റെയും ദീപിൻ്റെയും ദൃശ്യങ്ങളിലെ വിശ്വാസ്യതയുടെ മറവിലായിരുന്നു തട്ടിപ്പ്.
ഇൻസ്റ്റഗ്രാമിലെ മാതൃകാ ദമ്പതികൾ
ഭർത്താവിനോളം ജീവനു തുല്യം സ്നേഹിക്കുകയും അദ്ദേഹത്തിൻ്റെ ഐശ്വര്യത്തിനായി കഴുത്തിൽ വലിയ താലിമാല അണിയുകയും ചെയ്യുന്ന സ്ത്രീ എന്നതായിരുന്നു ഇൻസ്റ്റഗ്രാമിൽ ദേവുവിൻ്റെ പ്രതിച്ഛായ. ഇരുവരും ചേർന്നുള്ള റീൽസിലും നിറഞ്ഞത് ഭർത്താവിനോടുള്ള സ്നേഹമായിരുന്നു. 2021 ഏപ്രിൽ 18നായിരുന്നു കണ്ണൂർ സ്വദേശി ഗോകുലുമായി ദേവുവിൻ്റെ വിവാഹം. “എന്തിനും ഏതിനും നീ കൂടെ ഉള്ളിടത്തോളം ഞാൻ തനിച്ചല്ല. നിന്നെ ഞാനോ എന്നെ നിയോ തനിച്ചാക്കില്ല എന്ന വിശ്വാസം ആണ് നിന്റെ താലിക്കായ് ഉള്ള എന്റെ കാത്തിരിപ്പ്” എന്നായിരുന്നു വിവാഹം ഉറപ്പിച്ചതിനു പിന്നാലെ ദേവു ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. തങ്ങളുടേത് പക്കാ അറേഞ്ച്ഡ് മാരിയേജ് ആണെന്നും പെണ്ണുകാണലിനായി വന്നപ്പോഴാണ് ആദ്യമായി കണ്ടതെന്നും അവർ കുറിച്ചിരുന്നു.
താലിമാലയും സിന്ദൂരക്കുറിയും
വിവാഹദിനത്തിൽ നിറയെ സ്വർണാഭരണങ്ങളുമായി അണിഞ്ഞു നിൽക്കുന്ന ചിത്രത്തിനൊപ്പം ദേവു ഇട്ട ക്യാപ്ഷൻ ഇങ്ങനെയായിരുന്നു. “എന്റെ ചെക്കൻ സ്ത്രീധനം ചോദിച്ചിട്ടില്ല ഞാനോ ന്റെ വീട്ടുകാരോ കൊടുത്തും ഇല്ല. എനിക്ക് എന്റെ വീട്ടുകാർ എന്തു തന്നിട്ടുണ്ടെങ്കിലും അതിനൊക്കെ അവകാശം അവർക്കു മാത്രം ഉള്ളതാണ്. അതുകൊണ്ട് പ്ലീസ്, കല്യാണം കഴിഞ്ഞിട്ടേ ഉള്ളു. പാമ്പ് കൊത്തും, തൂക്കിക്കൊല്ലും എന്നുള്ള കമെന്റ്സ് ഇട്ട് തുടക്കത്തിലേ നെഗറ്റീവ് അടിപ്പിക്കരുത്.” പിന്നീട് ഇരുവരും ചേർന്ന് തയ്യാറാക്കിയ പല റീൽസിലും ദാമ്പത്യത്തിൻ്റെയും പരസ്പരവിശ്വാസത്തിൻ്റെയും സന്ദേശങ്ങളുണ്ടായിരുന്നു. തെറ്റിയിലെ വലിയ സിന്ദൂരക്കുറിയും വലിയ താലിയുമായിരുന്നു ദേവുവിന് ആരാധകരെ സമ്മാനിച്ചത്. “എന്റെ താലി എനിക്ക് എന്റെ ജീവനേക്കാൾ ഇന്ന് വലുതാണ്, അത് തന്നവനും” എന്നായിരുന്നു ദേവു വിവാഹത്തിനു പിന്നാലെ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.
ഹണിട്രാപ്പിനായി കാത്തിരുന്നത് ആറു മാസം
സോഷ്യൽ മീഡിയയിൽ നിരവധി ഉത്പന്നങ്ങൾ പ്രമോട്ട് ചെയ്യുകയും ആ നിലയ്ക്ക് വരുമാനം നേടുകയും ചെയ്ത ദമ്പതികൾ എന്നുമുതലാണ് ഹണി ട്രാപ്പ് തട്ടിപ്പ് നടത്തിയത് എന്നു വ്യക്തമല്ല. ഇരിങ്ങാലക്കുട സ്വദേശിയായ വ്യവസായിയെ ആറു മാസത്തോളം നിരീക്ഷിച്ച ശേഷമാണ് പണം തട്ടാനുള്ള പദ്ധതി ആസൂത്രണം ചെയ്തത് എന്നാണ് പോലീസ് പറയുന്നത്. ആത്മാർഥ പ്രണയമാണെന്ന് വ്യവസായിയെ തെറ്റിദ്ധരിപ്പിച്ച ശേഷം നേരിൽ കാണണമെന്ന് നിർബന്ധിച്ച് വിളിച്ചു വരുത്തുകയായിരുന്നു. പാലക്കാട് റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയ വ്യവസായിയെ പല കാരണങ്ങളും പറഞ്ഞ് രാത്രി വരെ നഗരത്തിൽ തന്നെ തുടരാൻ നിർബന്ധിച്ചു. ഇതിനു ശേഷം ദേവു ഇയാളെ തന്ത്രപൂർവം യാക്കരയിലെ വീട്ടിലെത്തിക്കുകയായിരുന്നു. ഇവിടെ വെച്ച് അഞ്ച് പ്രതികളും ചേർന്ന് ഇയാളെ ഭീഷണിപ്പെടുത്തി നഗ്നചിത്രങ്ങൾ പകർത്തുകയും സ്വർണവും പണവും തട്ടുകയുമായിരുന്നു. ഇതിനു ശേഷം ഇയാളുമായി സംഘം പുറപ്പെട്ടു. എന്നാൽ ഇടയ്ക്ക് പ്രാഥമികാവശ്യത്തിനായി വാഹനത്തിൽ നിന്നിറങ്ങിയ വ്യവസായി ഓടി രക്ഷപെട്ടു. ഇയാൾ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടതോടെ പദ്ധതി പൊളിയുകയായിരുന്നു.
സൂത്രധാരൻ്റെ പേരിൽ 12 കേസുകൾ
വ്യാജ ഫേസ്ബുക്ക് ഐഡിയും ഫോൺ നമ്പറും ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയത് എന്നാണ് പോലീസ് പറയുന്നത്. സമാനമായ രീതിയിൽ ഇവർ മറ്റാരെയെങ്കിലും തട്ടിച്ചിട്ടുണ്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ല. അതേസമയം, തട്ടിപ്പിൻ്റെ സൂത്രധാരനെന്നു കരുതുന്ന ശരത്തിൻ്റെ പേരിൽ ഭവനഭേദനം അടക്കം 12ഓളം കേസുകൾ നിലവിലുണ്ട്. പാലക്കാട് സ്വദേശിനി എന്ന പേരിലാണ് ദേവു വ്യവസായിയെ ഫേസ്ബുക്ക് മെസഞ്ചർ വഴി പരിചയപ്പെട്ടത്. തട്ടിപ്പ് നടത്താനായി മാത്രം ഇവർ ഇവിടെ 11 മാസത്തെ കരാറിൽ ഒരു വാടക വീടും എടുത്തിരുന്നു. ഇരിങ്ങാലക്കുട സ്വദേശികളായ ജിഷ്ണു, വിനയ്, പാലാ സ്വദേശിയായ ശരത് എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കാലടിയിലെ ഒളിത്താവളത്തിൽ നിന്നാണ് സംഘത്തെ അറസ്റ്റ് ചെയ്തത്.