നാഷണൽ സെന്റർ ഫോർ വൈൽഡ് ലൈഫ് (NCW) രാജ്യത്ത് വേട്ടയാടൽ അനുവദിക്കുന്നതിനുള്ള തീയതികൾ പ്രഖ്യാപിച്ചു, 2022 സെപ്റ്റംബർ 1 മുതൽ 2023 ജനുവരി 31 വരെയാണിതിൻ്റെ സമയം.
കേന്ദ്രത്തിൻ്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച വേട്ടയാടാൻ അനുവാദമുള്ള ഇനങ്ങളെ മാത്രമേ വേട്ടക്കനുവദിക്കുകയുള്ളൂവെന്ന് കേന്ദ്രം ചൊവ്വാഴ്ച അറിയിച്ചു.
സൗദി ഫാൽക്കൺ ക്ലബിൽ രജിസ്റ്റർ ചെയ്തവരും, വേട്ടയാടാനുള്ള ലൈസൻസ് ഉള്ള തോക്കുകൾ കൈവശമുള്ളവർ തുടങ്ങിയവർക്ക് ഫെട്രി പ്ലാറ്റ്‌ഫോം വഴി വേട്ടയാടൽ പെർമിറ്റുകൾ നേടാനാവും.
വംശനാശഭീഷണി നേരിടുന്ന മൃഗങ്ങളെയും പക്ഷികളെയും വേട്ടയാടുന്നത് കർശനമായി നിരോധിക്കുന്ന വന്യജീവി വേട്ടയ്‌ക്കായുള്ള ചട്ടങ്ങൾ നിർബന്ധമായും പാലിക്കേണ്ടതാണെന്ന് കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. കുടാതെ വേട്ടയാടനുപയോഗിക്കുന്ന ആയുധത്തിൻ്റെ ലൈസൻസ് ഉപയോക്താവിന്റെ പേരിൽ ആയിരിക്കണം.
ഒന്നിലധികം മൃഗങ്ങളെയോ പക്ഷികളെയോ ഒരുമിച്ച് വേട്ടയാടാനുള്ള മാർഗങ്ങൾ ഉപയോഗിക്കുന്നതിനും വിലക്കുണ്ട്.
വേട്ടക്കിറങ്ങുന്നതുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളും ചട്ടങ്ങളും പാലിക്കാനും അത് ലംഘിക്കുന്നവർ നിയമം അനുശാസിക്കുന്ന ശിക്ഷകൾക്ക് വിധേയരാകുമെന്നും കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.