ഖത്തര്‍ ലോകകപ്പിനെത്തുന്നവരെ വരവേല്‍ക്കാന്‍ യുഎഇയും; പുതിയ മള്‍ട്ടിപ്പ്ള്‍ എന്‍ട്രി വിസ പ്രഖ്യാപിച്ചു

ദുബായ്: ഖത്തര്‍ ലോകകപ്പിന്റെ ആവേശത്തില്‍ പങ്കാളികളാവാന്‍ യുഎഇയും. നവംബര്‍ 20 മുതല്‍ ഡിസംബര്‍ 18 വരെ ഖത്തറില്‍ നടക്കുന്ന ഫിഫ 2022 ലോകകപ്പിനെത്താന്‍ ടിക്കറ്റിനൊപ്പം ഹയ്യ കാര്‍ഡും സ്വന്തമാക്കിയവര്‍ക്കായി 90 ദിവസത്തേക്കുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ പ്രഖ്യാപിച്ചിരിക്കുകയാണ് യുഎഇ അധികൃതര്‍. ഫിഫ ലോകകപ്പിനെത്തുന്ന ഫുട്‌ബോള്‍ ആരാധകര്‍ക്ക് മികച്ച താമസ, യാത്രാ സൗകര്യങ്ങള്‍ ഒരുക്കി ഖത്തറിനെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെയാണ് യുഎഇ മള്‍ട്ടിപ്പ്ള്‍ എന്‍ട്രി വിസ സജ്ജമാക്കായിരിക്കുന്നത്.


നവംബര്‍ ഒന്നു മതുല്‍ വിസയ്ക്ക് അപേക്ഷിക്കാം

ഹയ്യാ കാര്‍ഡുള്ളവരില്‍ നിന്ന് വിസ അപേക്ഷകള്‍ നവംബര്‍ ഒന്നു മുതല്‍ സ്വീകരിക്കുമെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്റ് പോര്‍ട്ട് സെക്യൂരിറ്റി അറിയിച്ചു. വിസ ലഭ്യമായ തീയതി മുതല്‍ 90 ദിവസത്തേക്ക് ഇതിന് കാലാവധി ഉണ്ടായിരിക്കും. കൂടാതെ വീണ്ടും 90 ദിവസത്തേക്ക് കൂടി കാലാവധി നീട്ടുകയും ചെയ്യാം. ഇതിനിടയില്‍ എത്ര തവണ വേണമെങ്കിലും രാജ്യത്തിന് അകത്തേക്ക് പ്രവേശിക്കാനും പുറത്തുകടക്കാനും കഴിയും എന്നതാണ് ഈ വിസയുടെ സവിശേഷത. ഓരോ ലോകകപ്പ് മത്സരത്തിനായും ഖത്തറില്‍ പോവാനും അതു കഴിഞ്ഞ് യുഎഇയിലേക്ക് തിരികെ വരാനും ഇത് ഉപകരിക്കും. ഓരോ തവണയും വിസ എടുക്കേണ്ട പ്രശ്‌നം ഇതിലൂടെ ഒഴിവാക്കാനാകും.

വിസയ്ക്ക് ചെലവ് 100 ദിര്‍ഹം മാത്രം

90 ദിവസം രാജ്യത്ത് തങ്ങാവുന്ന മള്‍ട്ടിപ്പള്‍ എന്‍ട്രി ടൂറിസ്റ്റ് വിസയ്ക്ക് 100 ദിര്‍ഹം മാത്രമാണ് നിരക്ക് എന്നതാണ് ഇതിന്റെ മറ്റൊരു സവിശേഷത. അതേസമയം, 90 ദിവസത്തിന് ശേഷം വിസ പുതുക്കുമ്പോള്‍ സാധാരണ ടൂറിസ്റ്റ് വിസകള്‍ പുതുക്കുന്നതിനുള്ള ഫീസ് നല്‍കേണ്ടിവരും. അതേസമയം യുഎഇയില്‍ പ്രവേശിക്കാന്‍ വിസ ആവശ്യമില്ലാത്ത രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് മള്‍ട്ടിപ്പ്ള്‍ എന്‍ട്രി ടൂറിസ്റ്റ് വിസ എടുക്കേണ്ട ആവശ്യമില്ല. അവര്‍ക്ക് നിലവിലുള്ള നിയമങ്ങള്‍ പ്രകാരം എമിറേറ്റ്സില്‍ വരികയും പോവുകയും ചെയ്യാം.

ഓണ്‍ലൈനായി അപേക്ഷ നല്‍കാം

www.icp.gov.ae എന്ന വെബ്‌സൈറ്റ് വഴിയാണ് ഹയ്യാ കാര്‍ഡുള്ളവര്‍ മള്‍ട്ടിപ്പ്ള്‍ എന്‍്ട്രി വിസയ്ക്കായി അപേക്ഷ നല്‍കേണ്ടത്. വെബ്‌സൈറ്റിലെ സ്മാര്‍ട്ട് ചാനല്‍സ് എന്ന മെനുവില്‍ നിന്ന് പബ്ലിക് സര്‍വീസസ് എന്നതില്‍ ക്ലിക്ക് ചെയ്താല്‍ ഹയ്യാ കാര്‍ഡ് ഹോള്‍ഡേഴ്‌സ് വിസ എന്നു കാണാം. ഇത് തെരഞ്ഞെടുത്ത് ആവശ്യമായ വിവരങ്ങളും രേഖകളും നല്‍കുകയും ഫീസ് അടയ്ക്കുകയും ചെയ്താല്‍ അപേക്ഷ പൂര്‍ത്തിയാവും.

സൗദിയിലും മള്‍ട്ടിപ്പ്ള്‍ എന്‍ട്രി വിസ

ഹയ്യാ കാര്‍ഡുള്ളവര്‍ക്ക് മള്‍ട്ടിപ്പ്ള്‍ എന്‍ട്രി വിസയുമായി സൗദി അറേബ്യയും നേരത്തേ രംഗത്തെത്തിയിരുന്നു. ഖത്തറില്‍ ലോകകപ്പ് ആരംഭിക്കുന്നതിന് 10 ദിവസം മുമ്പാണ് സൗദി മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ അനുവദിക്കുക. ഇങ്ങനെ എടുക്കുന്ന വിസയില്‍ 60 ദിവസം വരെ സൗദിയില്‍ വരാനും പോവാനും അവസരമുണ്ടായിരിക്കും. ഖത്തര്‍ ലോകകപ്പ് തുറന്നുവയ്ക്കുന്ന ടൂറിസം സാധ്യതകള്‍ കൂടി ഉപയോഗപ്പെടുത്തുകയാണ് മള്‍ട്ടിപ്പ്ള്‍ എന്‍ട്രി വിസകള്‍ പ്രഖ്യാപിച്ചതിലൂടെ സൗദിയും യുഎഇയും ലക്ഷ്യമിടുന്നത്. ലോകകപ്പ് ആരാധകര്‍ക്ക് മികച്ച താമസം ഒരുക്കാനും ഒഴിവ് ദിവസങ്ങളില്‍ പ്രാദേശിക ടൂറിസം കേന്ദ്രങ്ങളിലേക്ക് അവരെ ആകര്‍ഷിക്കാനും ഇതുവഴി സാധിക്കും. സൗദിയില്‍ നിന്നും യുഎഇയിലില്‍ നിന്നും ലോകകപ്പ് മല്‍സരങ്ങള്‍ക്കായി ഖത്തറിലേക്ക് പോവാനും തിരിച്ചുവരാനും വിപുലമായ യാത്രാ സൗകര്യങ്ങളും രാജ്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

spot_img

Related Articles

Latest news