താജ്‍മഹലിന്‍റെ പേര് തേജോ മഹാലയ എന്നാക്കണം;ആവശ്യം കടുപ്പിച്ച് ബിജെപി

ന്യൂഡൽഹി: താജ്‍മഹലിന്‍റെ പേര് മാറ്റണമെന്ന ആവശ്യം കടുപ്പിച്ച് ബിജെപി. ആഗ്ര മുനിസിപ്പൽ കോർപറേഷൻ ഈ വിഷയത്തിന്മേൽ ചർച്ച വേണമെന്ന ബിജെപിയുടെ ആവശ്യം ആംഗീകരിച്ചു. താജ്‍മഹലിന്‍റെ പേര് തേജോ മഹാലയ എന്ന് മാറ്റണമെന്നാണ് ബിജെപിയുടെ ആവശ്യം. ബിജെപി കൗൺസിലർ ശോഭാറാം റാത്തോർ ആണ് ഈ ആവശ്യം മുന്നോട്ട് വെച്ചത്. താജ്‌ഗഞ്ച് വാർഡിൽ നിന്നുള്ള കൗൺസിലറാണ് റാത്തോർ.

താജ്‍മഹലിന്‍റെ പേര് മാറ്റണമെന്ന ആവശ്യം ബിജെപി മുന്നോട്ട് വെച്ചതോടെ വിഷയത്തിൽ ഇനി എന്ത് നടപടി സ്വീകരിക്കണമെന്നാണ് ആഗ്ര മുനിസിപ്പൽ കോർപറേഷൻ പരിശോധിക്കുന്നത്. മുഗൾ ചക്രവർത്തിയായിരുന്ന ഷാജഹാൻ നിർമിച്ച താജ്‍മഹലിന്‍റെ പേര് മാറ്റണമെന്ന ആവശ്യം നേരത്തെ സംഘപരിവാർ ഉന്നയിച്ചിരുന്നു. ഇന്ത്യയിൽ ഏറ്റവുമധികം വരുമാനം ലഭിക്കുകയും ഏറ്റവുമധികം വിനോദസഞ്ചാരികൾ എത്തുകയും ചെയ്യുന്ന ചെയ്യുന്ന ചരിത്രസ്‌മാരകമാണ് താജ്‌മഹൽ.

അതെ സമയം ചരിത്ര സ്‌മാരകങ്ങളുടെ പേര് മാറ്റാൻ മുനിസിപ്പൽ കോർപറേഷന് കഴിയില്ലെന്നാണ് വിദഗ്‌ധരുടെ അഭിപ്രായം.നിലവിൽ കേന്ദ്രസർക്കാരിന് മാത്രമാണ് പേര് മാറ്റാനുള്ള അധികാരം. എന്നാൽ, കോർപറേഷൻ ഈ പ്രമേയം പാസാക്കി കേന്ദ്രസർക്കാരിനെ സമീപിച്ചാൽ താജ്‍മഹലിന്‍റെ പേര് മാറ്റം സംഭവിച്ചേക്കാം. ശിവലിംഗം പ്രതിഷ്ഠിച്ചിട്ടുള്ള തേജോ മഹാലയ എന്ന ക്ഷേത്രമായിരുന്നു ഇവിടെ മുൻപ് ഉണ്ടായിരുന്നതെന്നും ഇത് തകർത്താണ് താജ്‌മഹൽ നിർമിച്ചതെന്നുമാണ് ബിജെപി അടക്കമുള്ള സംഘടനകൾ ഉയർത്തുന്ന വാദം. എന്നാൽ ഈ വാദങ്ങൾക്ക് അടിസ്ഥാനമായ തെളിവില്ലെന്ന് നേരത്തെ റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും ഈ വാദം ശരിവെച്ചിരുന്നു.

നേരത്തെ താജ്‌മഹലിലെ 22 മുറികളുടെ രഹസ്യം തേടിയുള്ള പൊതുതാത്പര്യ ഹർജി അലഹബാദ് ഹൈക്കോടതി തള്ളിയിരുന്നു. അതിന് പിന്നാലെയാണ് താജ്‍മഹലിന്‍റെ പേര് മാറ്റണമെന്ന ആവശ്യവുമായി സംഘടനകൾ രംഗത്തെത്തിയത്.

spot_img

Related Articles

Latest news