സൗദി ഗായകന്‍ മുഹമ്മദ് അബ്ദു ഒപ്പുവച്ച തൂവാല പേപ്പറിന് 30,000 റിയാല്‍; പരിഹാസത്തോടെ സോഷ്യല്‍ മീഡിയ

റിയാദ്: പ്രമുഖ സൗദി ഗായകന്‍ മുഹമ്മദ് അബ്ദു ഒപ്പുവച്ച തൂവാല വില്‍പ്പനയ്ക്കു വച്ച ഓണ്‍ലൈന്‍ സ്‌റ്റോറിന്റെ നടപടി വിവാദത്തില്‍. സൗദി ഓണ്‍ലൈന്‍ വില്‍പ്പന സ്ഥാപനമായ അല്‍ ബിര്‍വാസാണ് മുഹമ്മദ് അബ്ദുവിന്റെ തൂവാല എന്ന ലേബലില്‍ അദ്ദേഹം ഒപ്പുവച്ച ടിഷ്യൂ വില്‍പ്പനയ്ക്കായി വച്ചിരിക്കുന്നത്. 30,000 ദിര്‍ഹമാണ് ഗായകന്റെ തൂവാലയ്ക്ക് ഓണ്‍ലൈന്‍ സ്‌റ്റോര്‍ വിലയിട്ടിരിക്കുന്നത്. എന്നാല്‍ തൂവാല വാങ്ങാന്‍ ഇതുവരെ ആരും എത്തിയിട്ടില്ലെന്നാണ് വിവരം.

അതേസമയം, ഓണ്‍ലൈന്‍ സ്‌റ്റോറിന്റെ ഈ നടപടി വലിയ ചര്‍ച്ചയ്ക്കും വിവാദത്തിനും വഴിവച്ചിരിക്കുകയാണ് സൗദി സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍. ഇത് അനാവശ്യ നടപടിയെന്നാണ് പലരുടെയും വാദം. ചിലരാവട്ടെ ഓണ്‍ലൈന്‍ സ്‌റ്റോറിന്റെ നടപടിക്കെതിരേ രൂക്ഷമായ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ്. പലരും പരിഹാസത്തോടെയും പുച്ഛത്തോടെയുമാണ് ഇതിനെ നോക്കിക്കാണുന്നത്. ഈ രീതിയിലുള്ള കമന്റുകളുമായി രംഗത്തെത്തിയിരിക്കുകായണ് സൗദിയിലെ സോഷ്യല്‍ മീഡിയ ഉപയോക്താക്കളില്‍ ഒട്ടേറെ പേര്‍.

എന്റെ ജീവിതത്തിലെ എല്ലാ സങ്കടങ്ങളും ദുഖങ്ങളും മായ്ച്ചു കളയാന്‍ മാത്രം ദിവ്യ ശക്തിയുള്ള തൂവാലയാണെങ്കിലും ഇത് ഞാന്‍ വാങ്ങില്ല എന്നായിരുന്നു ഒരാളുടെ കമന്റ്. ഞാനിത് വാങ്ങി ഉപയോഗിച്ചാല്‍ എന്റെ ശബ്ദം മുഹമ്മദ് അബ്ദുവിന്റേത് പോലെയാകുമോ എന്നതായിരുന്നു മറ്റൊരു കമന്റ്. പകുതി റിയാലിന് ഇത് ഓഫര്‍ ചെയ്താല്‍ പോലും ഞാനിത് വാങ്ങില്ലെന്നും സോഷ്യല്‍ മീഡിയ ഉപയോക്താക്കളിലൊരാള്‍ പറഞ്ഞു. തന്റെ എല്ലാ പാപങ്ങളും തുടച്ചുകളയാന്‍ മാത്രമുള്ള ശക്തി അതിനുണ്ടെങ്കില്‍ പോലും എനിക്കത് വേണ്ട എന്നായിരുന്നു മറ്റൊരു ട്വിറ്റര്‍ ഉപയോക്താവിന്റെ കമന്റ്.
1961 മുതല്‍ അറബ് സംഗീത ലോകത്ത് വ്യക്തി മുദ്ര പതിപ്പിച്ച ഗായകനാണ് മുഹമ്മദ് അബ്ദു. അറബ് ലോകത്തെ അദ്ദേഹത്തിന്റെ ആരാധക വൃന്ദം വിപുലമാണ്. വളരെ ചെറുപ്പത്തില്‍ തന്നെ പരമ്പരാഗത അറബ് ഗാനങ്ങള്‍ പാടി രംഗത്തെത്തിയ അബ്ദു, ഇന്നും അറബ് ലോകത്തെ സംഗീത രംഗത്തെ സജീവ സാന്നിധ്യമാണ്. എന്നിരുന്നാലും അദ്ദേഹത്തിന്റെ തൂവാല വില്‍പ്പനയ്ക്കു വച്ച ഓണ്‍ലൈന്‍ സ്‌റ്റോറിന്റെ നടപടിയെ വലിയ പരിഹാസത്തോടെയാണ് സോഷ്യല്‍ മീഡിയ നോക്കിക്കാണുന്നത്.

spot_img

Related Articles

Latest news