സൈറസ് മിസ്ത്രിയുടെ അപകടമരണം: കാര്‍ പോയത് അമിത വേഗതയിൽ, 20 കിലോമീറ്റര്‍ പിന്നിട്ടത് ഒൻപത് മിനിറ്റിൽ

അപകടത്തിൽ മരിച്ച സൈറസ് മിസ്ത്രിയും ജഹാംഗീർ പണ്ടോളും കാറിൻ്റെ പിൻസീറ്റിലായിരുന്നു ഇരുന്നിരുന്നത്. ഇരുവരും സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ലെന്നാണ് പ്രാഥമിക വിവരം.

മുംബൈ: ടാറ്റാ സണ്‍സ് മുൻ ചെയര്‍മാൻ സൈറസ് മിസ്ത്രിയുടെ അപകടമരണത്തിന് ഇടയാക്കിയ കാര്‍ അമിത വേഗതയിലായിരുന്നു സഞ്ചരിച്ചിരുന്നതെന്ന് പൊലീസ് കണ്ടെത്തി. കാര്‍ സഞ്ചരിച്ച പാതയിലെ സിസിടിവി ക്യാമറകൾ പരിശോധിച്ചതിലാണ് ഇക്കാര്യം പൊലീസിന് ബോധ്യപ്പെട്ടത്. മിസിത്രിയുടെ അപകടമരണത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് നേരത്തെ പൊലീസിന് നിര്‍ദേശം നൽകിയിരുന്നു.
അപകടം സംഭവിക്കുന്നതിന് മുൻപുള്ള ഇരുപത് കിലോമീറ്റര്‍ ദൂരം വെറും ഒൻപത് മിനിറ്റിനുള്ളിലാണ് കാര്‍ സഞ്ചരിച്ചു തീര്‍ത്തത്. അപകടമുണ്ടായപ്പോൾ കാറിന് പിന്നിലുണ്ടായിരുന്ന എയര്‍ബാഗ് പ്രവര്‍ത്തിച്ചില്ലെന്നും പൊലീസ് കണ്ടെത്തി. അപകടത്തിൽ മരിച്ച സൈറസ് മിസ്ത്രിയും ജഹാംഗീർ പണ്ടോളും കാറിൻ്റെ പിൻസീറ്റിലായിരുന്നു ഇരുന്നിരുന്നത്. ഇരുവരും സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ലെന്നാണ് പ്രാഥമിക വിവരം.
ഗുജറാത്തിലെ ഉദ്‌വാഡയിൽ നിന്ന് മുംബൈയിലേക്കുള്ള യാത്രക്കിടെയാണ് സൈറസ് മിസ്ത്രിയും സംഘവും സഞ്ചരിച്ച കാര്‍ അപകടത്തിൽപ്പെട്ടത്. മുംബൈയിലെ ഗൈനോക്കളജിസ്റ്റായ അനഹിത പണ്ടോളയാണ് കാര്‍ ഓടിച്ചിരുന്നത്. ഇവര്‍ക്കൊപ്പം മുൻനിരയിലുണ്ടായിരുന്നത് ഭര്‍ത്താവായ ഡാരിയസ് പണ്ടോളയാണ്.അപകടത്തിൽ പരിക്കേറ്റ ഇരുവരും ഇപ്പോൾ മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിലാണ്. സൈറസ് മിസ്ത്രിയുടേയും ജാഹംഗീര്‍ പണ്ടോളിൻ്റേയും മൃതദേഹങ്ങൾ പോസ്റ്റ് മോര്‍ട്ടത്തിനായി മുംബൈയിലെ ജെജെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
ഞായറാഴ്ച ഉച്ചയ്ക്ക് 2.30-ഓടെ സൂര്യനദിക്ക് കുറുകയുള്ള പാലത്തിൻ്റെ അപ്രോച്ച് റോഡിൽ വച്ചാണ് അപകടമുണ്ടായത്. മറ്റൊരു വാഹനത്തിന് ഇടതുവശത്തൂടെ മറികടക്കാനുള്ള ശ്രമത്തിനിടെ വാഹനത്തിന് നിയന്ത്രണം നഷ്ടമാവുകയും ഡിവൈഡറിൽ ഇടിച്ച് മലക്കം മറിയുകയുമായിരുന്നു. ഈ സമയത്ത് കാറിനകത്ത് ഉണ്ടായിരുന്ന സൈറസ് മിസ്ത്രി പുറത്തേക്ക് തെറിച്ചു പോയി. ഈ വീഴ്ചയിലുണ്ടായ പരിക്കാണ് അദ്ദേഹത്തിൻ്റെ മരണത്തിന് കാരണമായത്.
ടാറ്റാ കുടുംബത്തിന് പുറത്ത് നിന്നും ടാറ്റാ സണ്‍സ് ചെയര്‍മാനായ രണ്ടാമത്തെ ആളായിരുന്നു സൈറസ് മിസ്ത്രി. എന്നാൽ 2016 ഒക്ടോബറിൽ അദ്ദേഹത്തെ ആ സ്ഥാനത്ത് നിന്നും കമ്പനി നീക്കി. രത്തൻ ടാറ്റാ വിരമിക്കൽ പ്രഖ്യാപിച്ചതിന് പിന്നാലെ 2012 ഡിസംബറിലാണ് സൈറസ് മിസ്ത്രിയെ ടാറ്റാ ഗ്രൂപ്പ് ചെയര്‍മാനായി പ്രഖ്യാപിച്ചത്.  ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കാനുള്ള ടാറ്റാ ബോർഡിൻ്റെ തീരുമാനത്തിനെതിരെ സുപ്രീംകോടതി വരെ നടത്തിയ നിയമ പോരാട്ടത്തിലൂടെ സൈറസ് വാര്‍ത്തകളിൽ നിറഞ്ഞിരുന്നു. സൈറസിന്റെ പിതാവും വ്യവസായ പ്രമുഖനുമായ ഷാപ്പൂർജി പല്ലോൻജി മിസ്ത്രി ഇക്കഴിഞ്ഞ ജൂണിലാണ് അന്തരിച്ചത് . സൈറസിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കം നിരവധിപേർ അനുശോചനം രേഖപ്പെടുത്തിയിരുന്നു.

spot_img

Related Articles

Latest news