മലപ്പുറം: ചീഞ്ഞ പഴങ്ങളില്‍ നിന്ന് കുറഞ്ഞ ചെലവില്‍ വ്യാവസായികാടിസ്ഥാനത്തിനുള്ള പെന്സിലിൻ നിര്‍മാണത്തിനും, കൊതുകു നശീകരണത്തിനുള്ള പ്രത്യേക സാങ്കേതിക വിദ്യക്കും പേറ്റന്റ് ലഭിച്ച ഗോപിനാഥന്റെ സാങ്കേതിക വിദ്യകള്‍ ഇനി ലോകമറിയും. കാലിക്കറ്റ് സര്‍വകലാശാലയുമായി വ്യാവസായിക സംരഭക സഹകരണത്തിന് കേരള സംസ്ഥാന വ്യവസായ വികസന കോര്പ്പറേഷന് രംഗത്തുവന്നു. നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള സ്റ്റാര്‍ട്ടപ്പ് സംരഭങ്ങള്‍ക്ക് പ്രാഥമിക മുതല്‍ മുടക്കിന് കെ.എസ്.ഐ.ഡി.സി. സര്‍വകലാശാലയെ താത്പര്യം അറിയിച്ചു. സര്‍വകലാശാലാ ബയോടെക്നോളജി പഠനവകുപ്പിലെ അസോ. പ്രൊഫസറും രണ്ട് പേറ്റന്റുകളുടെ ഉടമയുമായ ഡോ. സി. ഗോപിനാഥന് വികസിപ്പിച്ച സാങ്കേതിക വിദ്യകളെക്കുറിച്ചാണ് കോര്പ്പറേഷന് അന്വേഷിച്ചത്.
ചീഞ്ഞ പഴങ്ങളില്‍ നിന്ന് കുറഞ്ഞ ചെലവില്‍ വ്യാവസായികാടിസ്ഥാനത്തില്‍ പെന്സിലിന് നിര്‍മിക്കുന്നതിന് അടുത്തിടെ ഡോ. ഗോപിനാഥിന് പേറ്റന്റ് ലഭിച്ചിരുന്നു. കൊതുകു നശീകരണത്തിനായി ‘ ബാസിലസ് തുറുഞ്ചിയന്‍സ് ഇസ്രാലിന്‍സിസ് ‘ എന്ന ബാക്ടീരിയ ഉപയോഗിച്ച് ചെറിയ ചെലവില്‍ ജൈവ കീടനാശിനി നിര്‍മിക്കുന്ന സാങ്കേതിക വിദ്യക്ക് 2017-ലും പേറ്റന്റ് ലഭിച്ചതാണ്. കുറഞ്ഞ മുതല്‍ മുടക്കില്‍ കൂടുതല്‍ ചിപ്പിക്കൂണ്‍ വളര്‍ത്തുന്നതിനുള്ള പദ്ധതി ഇദ്ദേഹം ആവിഷ്കരിച്ചിട്ടുണ്ട്. ടിഷ്യൂകള്‍ച്ചര്‍ രീതിയില്‍ ഉണ്ടാക്കുന്ന കൂണുകള്‍ പൂപ്പല്ബാധയില്ലാതെ തന്നെ വൈക്കോല്‍ ബാഗുകളില്‍ വളര്‍ത്താനും അവശിഷ്ടമാലിന്യങ്ങള്‍ മണ്ണിര കമ്പോസ്റ്റാക്കി മാറ്റാനും കഴിയും. ഇതുപയോഗിച്ച് തിലോപ്പിയ മത്സ്യങ്ങളെ വളര്‍ത്തുന്ന ബഹുമുഖ കൃഷിരീതിയാണ് ഇദ്ദേഹം വികസിപ്പിച്ചിരിക്കുന്നത്. ഉപോത്പന്നമായി ജൈവ വളമായ വെര്‍മി വാഷും ലഭിക്കും.
പദ്ധതിയുടെ മാതൃക പഠനവകുപ്പിനോട് ചേര്‍ന്നു തയ്യാറായി വരുന്നുണ്ട്. വിത്തിനുള്ള മുതല്‍ മുടക്ക്, കൂണിന് വരുന്ന അസുഖങ്ങള്‍ തുടങ്ങി നിലവില്‍ കൂണ്വളര്ത്തലില് നേരിടുന്ന പ്രതിസന്ധികളെ ഇല്ലാതാക്കാനും മെച്ചപ്പെട്ട വിളവ് ലഭിക്കാനുള്ള പരീക്ഷണങ്ങള്‍ രണ്ടു വര്‍ഷത്തോളമായി ഡോ. ഗോപിനാഥന് നടത്തുന്നു. ഇതിനു പുറമെ മത്സ്യം, മണ്ണിര കമ്പോസ്റ്റ് എന്നിവയും വില്‍ക്കാനാകും. കാമ്പസിനകത്ത് തന്നെ സ്റ്റാര്‍ട്ടപ്പ് സംരഭമൊരുക്കുന്നതിന് 25 ലക്ഷം രൂപ വരെ വായ്പയായോ മുതല്‍ മുടക്കില്‍ പങ്കാളിയായോ സഹായിക്കാമെന്നാണ് കെ.എസ്.ഐ.ഡി.സി. അറിയിച്ചിരിക്കുന്നത്. സര്‍വകലാശാലാ അധികൃതരുമായി ചര്‍ച്ചകള്‍ക്ക് ശേഷം പദ്ധതിക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്ന് ഡോ. ഗോപിനാഥന് പറഞ്ഞു.