ദമ്മാം: യു പി യിലെ ഹാത്രസ്സിൽ വാർത്ത റിപ്പോർട്ട് ചെയ്യാൻ പോകവേ യു പി പോലീസ് യു എ പി എ എന്ന കരിനിയമം ചുമത്തി അറസ്റ്റ് ചെയ്ത് ജയിലിലടച്ച സിദ്ദിഖ് കാപ്പന് സുപ്രീം കോടതി ജാമ്യം അനുവദിച്ചത് സ്വാഗതാർഹമാണെന്ന് ദാമ്മാം മീഡിയ ഫോറം വാർത്താ കുറിപ്പിലൂടെ അറിയിച്ചു. 2020 ഒക്ടോബർ 5 ന് അറസ്റ്റ് ചെയ്യപ്പെട്ട കാപ്പൻ രണ്ട് വർഷത്തോട് അടുക്കുമ്പോഴാണ് ജയിൽ മോചിതനാകുന്നത്. ജനാധിപത്യ ഇന്ത്യയിൽ പൗരസ്വാതന്ത്ര്യത്തിന് മേൽ ഭരണ കൂടങ്ങളുടെ അന്യയമായ കൈകടത്തലുകളുടെ ജനശ്രദ്ധയാകർഷിച്ച ഇരകളിൽ ഒരാളാണ് സിദ്ദീഖ് കാപ്പൻ.
തന്റെ തൊഴിലിന്റെ ഭാഗമായിട്ടായിരുന്നു കാപ്പൻ ഹാത്രസ്സിൽ എത്തിയിരുന്നത്. തങ്ങൾക്കിഷ്ടമില്ലാത്തതോ തങ്ങൾക്കെതിരായോ പറയുന്നതോ പ്രവർത്തിക്കുന്നതോ രാജ്യ ദ്രോഹത്തിന്റെ മാനം നൽകി പൗരന്മാരെ കൽത്തുറുങ്കിലടക്കുന്ന ഭരണ കൂട സമീപനം ജനാധിപത്യ മൂല്യങ്ങളുടെ കടക്കൽ കത്തി വയ്ക്കുന്നതിന് തുല്യമാണെന്ന് മീഡിയ ഫോറം അഭിപ്രായപ്പെട്ടു. കുറ്റപത്രം നൽകിയിട്ടും ഇനിയും വിചാരണ തുടങ്ങാതെ കേസ് നീട്ടികൊണ്ട് പോകുന്നത് ആശയപരമായി തങ്ങൾക്കെതിരായവരെ അനന്തമായി ഇരുട്ടറകളിൽ തളച്ചിടാനുള്ള ഭരണകൂട്ടങ്ങളുടെ ദുഷ്ട ലാക്കാണെന്ന് പൊതു സമൂഹം തിരിച്ചറിയേണ്ടതുണ്ട്.
ജനാധിപത്യ ഇന്ത്യയിൽ നീതി പീടങ്ങളാണ് ജനങ്ങളുടെ അവസാനത്തെ അത്താണി. എന്നാൽ ഇന്നത്തെ ഇന്ത്യൻ സാഹചര്യത്തിൽ പല കോടതി വിധികളിലൂടെയും ഇരകളുടെ നിലവിളികൾക്ക് ആശ്വാസം നൽകാൻ കഴിഞ്ഞിട്ടില്ല എന്ന യാഥാർഥ്യവും പൊതു സമൂഹത്തെ അസ്വസ്ഥമാക്കുന്നു. സിദ്ധീഖ് കാപ്പന് വേണ്ടിയും യു പി യിലെ കീഴ് കോടതികളിൽ സമർപ്പിച്ച ജാമ്യാപേക്ഷകളിന്മേൽ കോടതികൾ കൈക്കൊണ്ട സമീപനം ഇതിനുണ്ടാഹരണങ്ങളായിരുന്നു. കൃത്യമായ തെളിവുകൾ സമർപ്പിക്കാൻ കഴിയാതെ പരമോന്നത നീതി പീഠത്തിന് മുൻപിൽ പരുങ്ങിയ സർക്കാർ അഭിഭാഷകൻ ഗൗരവമായ അന്യഷണം നടന്നു എന്നവാശപ്പെടുന്ന കേസിൽ മാപ്പുസാക്ഷിയെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്ന വിചിത്ര വാദമാണ് അവതരിപ്പിച്ചത്.
കാര്യങ്ങൾ കൃത്യമായി ഗ്രഹിച്ച് കൊണ്ടുള്ള പരമോന്നത കോടതിയുടെ സമീപനം ജനാധിപത്യ വിശ്വാസികൾക്ക് നൽകുന്ന ആശ്വാസം ചെറുതല്ല. ജനാധിപത്യ ഇന്ത്യയിൽ നിലനിൽക്കുന്ന ശക്തമായ നിയമങ്ങൾ ഉപയോഗിച്ച് രാജ്യ സുരക്ഷ ഉറപ്പ് വരുത്താൻ ഭരണ കൂടങ്ങൾ തയാറാകേണ്ടത്തിനൊപ്പം എതിർ ശബ്ദങ്ങൾ ഉയർത്തുന്ന പൗരന്മാരെയും കൂട്ടായ്മകളെയും പ്രതികാരബുദ്ധിയോടെ അമർച്ച ചെയ്യാൻ കരി നിയമങ്ങൾ ഉപയോഗിക്കുന്നതിൽ നിന്നും പിന്മാറണെമെന്നും മീഡിയ ഫോറം ഭാരവാഹികൾ വാർത്താ കുറിപ്പിലൂടെ ആവശ്യപ്പെട്ടു.