സ്കൂള്‍ ബസിനുള്ളില്‍ കുടുങ്ങി കഴിഞ്ഞ ദിവസം ഖത്തറില്‍ മരിച്ച നാലു വയസുകാരി മിന്‍സയുടെ മൃതദേഹം ബുധനാഴ്ച രാവിലെ നാട്ടിലെത്തിക്കും, മൃതദേഹം നെടുംമ്പാശ്ശേരിയില്‍ രാവിലെ എട്ടരയോടെ എത്തിക്കുമെന്നാണ് ലഭിച്ചിരിക്കുന്ന വിവരം.
സംസ്കാരം പ്രാര്‍ഥന ശുശ്രൂഷകള്‍ക്കു ശേഷം വൈകുന്നേരം അഞ്ച് മണിയോടെ നടക്കുമെന്നു വീട്ടുകാര്‍ അറിയിച്ചു. രണ്ടു ദിവസത്തിനകം നാട്ടിലേക്ക് എത്തിക്കാന്‍ ഖത്തര്‍ സര്‍ക്കാര്‍ ക്രമീകരണം ചെയ്തത് നടപടിക്രമങ്ങള്‍ ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കിയാണ്. അഭിലാഷിനെയും കുടുംബത്തെയും ഖത്തര്‍ വിദ്യാഭ്യാസ മന്ത്രി ബുഥെയ്ന ബിന്ത് അലി അല്‍ നുഐമി വീട്ടിലെത്തി സന്ദര്‍ശിച്ച് ആശ്വസിപ്പിച്ചിരുന്നു.
മിന്‍സ പഠിച്ചിരുന്ന കിന്റര്ഗാര്ട്ടന് അധികൃതര്‍ക്കെതിരെയും സ്കൂള്‍ ബസ് ജീവനക്കാര്‍ക്കെതിരെയും സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്ന ഖത്തര്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുണ്ട്.
കനത്ത ചൂടേറ്റാണ് സ്കൂള്‍ ബസിനുള്ളില്‍ ഉറങ്ങിപ്പോയ മിന്‍സ മരിച്ചത്. മിന്‍സ മരിച്ചത് അവളുടെ ജന്മദിനത്തിലാണ്. ചിങ്ങവനം കൊച്ചുപറമ്പില്‍ അഭിലാഷ് ചാക്കോ- സൗമ്യ ദമ്പതികളുടെ ഇളയമകള്‍ ആയിരുന്നു മിര്‍സ. സ്കൂളിലേക്കു മറ്റു കുട്ടികള്‍ പുറത്തിറങ്ങി പോയപ്പോള്‍ ബസിനുള്ളില്‍ മിന്‍സ ഉറങ്ങുന്നതു ശ്രദ്ധയില്‍പ്പെടാതിരുന്ന ജീവനക്കാര്‍ ബസ് ലോക്ക് ചെയ്തു പോവുകയായിരുന്നു.
കുട്ടി മരിച്ചത് ഖത്തറിലെ കനത്ത ചൂട് താങ്ങാനാവാതെയാണ്. ബസിനുള്ളില്‍ കുട്ടി കുടുങ്ങിയതായി കണ്ടെത്തിയത് ഉച്ചയ്ക്കു കുട്ടികളെ തിരികെ കൊണ്ടുപോകാനായി ബസ് എടുക്കാനെത്തിയപ്പോഴാണ് . ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.