ഡൽഹി :-കശ്മീർ വിവാദ പരാമർശത്തിൽ കെ.ടി ജലീലിനെതിരെ കേസെടുക്കാൻ ഡൽഹി പോലീസിനോട് റോസ് എവന്യു കോടതി ഉത്തരവിട്ടതായി മലയാള പത്രങ്ങളും ചാനലുകളും പ്രസിദ്ധീകരിച്ച തെറ്റായ വാർത്തകളെ ഡൽഹി കോടതി നിശിതമായി വിമർശിച്ചു.
കോടതിയിൽ ഇന്ന് വാർത്ത റിപ്പോർട്ട് ചെയ്യാനെത്തിയ എല്ലാ മാധ്യമ പ്രവർത്തകരുടെയും ഔദ്യോഗിക വിവരങ്ങൾ മുഴുവൻ കോടതി രേഖപ്പെടുത്തി. കോടതി നടപടികൾ റിപ്പോർട്ട് ചെയ്തതിൽ വന്ന ജാഗ്രതക്കുറവ് കോടതി അലക്ഷ്യമുൾപ്പടെയുള്ള കേസുകൾക്ക് കാരണമാകുന്നതാണെന്ന് ജഡ്ജി അവരെ ഓർമ്മപ്പെടുത്തി. മേലിൽ ആവർത്തിക്കരുതെന്ന് താക്കീതും ചെയ്തു.
വസ്തുതാ വിരുദ്ധമായ പ്രചരണം നടത്തി കോടതിക്ക് അപഖ്യാതിയുണ്ടാക്കിയ പരാതിക്കാരൻ സംഘ്പരിവാർ നേതാവ് അഡ്വ: ജി.എസ് മണി കോടതി മുമ്പാകെ നിരുപാധികം മാപ്പ് പറഞ്ഞു. നാടകീയ രംഗങ്ങൾക്കാണ് റോസ് എവന്യു കോടതി ഇന്ന് സാക്ഷ്യം വഹിച്ചത്.
ജലീലിനെതിരെ തെറ്റായ വാർത്ത പ്രസിദ്ധീകരിച്ച പത്രങ്ങളും ചാനലുകളും അത് തിരുത്തി ക്ഷമാപണം പ്രസിദ്ധപ്പെടുത്തി പതിനാറാം തിയ്യതിക്ക് മുമ്പായി അത് കോടതിയിൽ സമർപ്പിക്കണമെന്നും ജഡ്ജി ഉത്തരവിട്ടു. കോടതി ഹാജരുണ്ടായിരുന്ന മാതൃഭൂമി ന്യൂസ്, ഏഷ്യാനെറ്റ്, 24 ന്യൂസ്, മനോരമ ടിവി, അമൃത തുടങ്ങിയ സ്ഥാപനങ്ങളുടെ പ്രതിനിധികൾ കോടതി നിർദ്ദേശിച്ച പ്രകാരം ചെയ്യാമെന്ന് ബോധിപ്പിച്ചു.
ജലീലിനുവേണ്ടി ആൾ ഇന്ത്യാ ലോയേഴ്സ് യൂണിയൻ നേതാവ് അഡ്വ: കെ.എസ് സുബാഷ് ചന്ദ്രനും (കുറ്റിപ്പുറം) അഡ്വ: കൃഷ്ണ എൽ.ആറുമാണ് ഹാജരായത്.
കേസ് തുടർ നടപടികൾക്കായി 16.9.2022 ലേക്ക് മാറ്റി.